ഗ്രീന്‍ ക്ളീന്‍ എര്‍ത്ത് മൂവ്മെന്റിന്റെ ബ്രാന്‍ഡ് അംബാസഡറായി സുരഭി ചുമതലയേറ്റു

കോഴിക്കോട് > ഗ്രീന്‍ ക്ളീന്‍ എര്‍ത്ത് മൂവ്മെന്റിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി സുരഭി ചുമതലയേറ്റു. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ചടങ്ങ് എ പ്രദീപ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി ടി എ റഹീം എംഎല്‍എ പ്രഖ്യാപനം നിര്‍വഹിച്ചു.
വിദ്യാര്‍ഥികളും മറ്റും സുഹൃത്തുക്കള്‍ക്ക് വിലപിടിച്ച സാധനങ്ങള്‍ നല്‍കുന്നതിനുപകരം വൃക്ഷത്തൈകള്‍ സമ്മാനമായി നല്‍കണമെന്ന് പ്രഖ്യാപന ശേഷം സുരഭി പറഞ്ഞു. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി മാത്രമാണ് തനിക്കെന്നും ഇത് നല്ല രീതിയില്‍ കൊണ്ടുപോകേണ്ടത് നിങ്ങളുടെ ജോലിയാണെന്നും അവര്‍ ഓര്‍മപ്പെടുത്തി. എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സുരഭിക്ക് ജിസം ഫൌണ്ടേഷന്റെ സ്നേഹോപഹാരം നല്‍കി.

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍, എന്‍എസ്എസ് കോഴിക്കോട് സെല്‍ എന്നിവയുടെ സഹകരണത്തോടെ ജിസം ഫൌണ്ടേഷന്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രീന്‍ ക്ളീന്‍ എര്‍ത്ത് മൂവ്മെന്റ്. ജിസം ചീഫ് പേട്രണ്‍ പ്രൊഫ. ശോഭീന്ദ്രന്‍, ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ ശിവരാമകൃഷ്ണന്‍, യൂണിവേഴ്സിറ്റി എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ പി വി വത്സരാജ്, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി സന്തോഷ്, കുടുംബശ്രീ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി സി കവിത, ജില്ലാ എന്‍എസ്എസ് കോളേജ് വിഭാഗം കോ- ഓര്‍ഡിനേറ്റര്‍ ഡോ. ബേബി ഷീബ, ജിസം എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ ഇഖ്ബാല്‍, ചെയര്‍മാന്‍ യാഹ്യാഖാന്‍, ഡയറക്ടര്‍മാരായ സതീശന്‍ കോറോത്ത്, ഇസ്മായില്‍ കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു.

