ഗൃഹനാഥനെ മര്‍ദ്ദിച്ച സംഭവത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസെടുത്തു
തിരുവനന്തപുരം > വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ മര്‍ദ്ദിച്ച സംഭവത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി എംപി യുടെ നേതൃത്വത്തില്‍ ഒരു സംഘം ആള്‍ക്കാര്‍ തലസ്ഥാനത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തി എന്ന കുറ്റത്തിനാണ് കേസ് എടുത്തത്. നന്തന്‍കോട് കനക നഗറിലാണ് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷും സംഘവും ഭീകരാന്തരീക്ഷവും അതിക്രമവും നടത്തിയത്. കനക നഗറില്‍ താമസിക്കുന്ന ബന്ധുക്കളും അയല്‍ വീട്ടുകാരുമായുള്ള പ്രശ്നത്തില്‍ ബന്ധുക്കളെ സഹായിക്കാന്‍ ക്രിമിനലുകളെയുംകൂട്ടി കൊടിക്കുന്നില്‍ എത്തുകയായിരുന്നു. അവിടെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന അശോകന്റെ വീട്ടിലേക്കാണ് കൊടിക്കുന്നിലും സംഘവും ചെന്നത്. കൊടിക്കുന്നിലിന്റെ ബന്ധുവായ ഷീജ, അശോകന്റെ മകള്‍ നിജിലയെ രണ്ടുദിവസം മുമ്പ് മര്‍ദിച്ചിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി ഇരുകൂട്ടരെയും ഞായറാഴ്ച വൈകിട്ട് അഞ്ചിന് മ്യൂസിയം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ച വൈകിട്ട് നാലോടെ കൊടിക്കുന്നില്‍ സുരേഷ് ഒരു സംഘം ക്രിമിനലുകളുമായി നന്തന്‍കോട് കനക നഗറില്‍ എത്തി ഭീതിജനകരംഗങ്ങളും അതിക്രമങ്ങളും നടത്തുകയായിരുന്നു.
കൊടിക്കുന്നിലും സംഘവും അശോകനെ ക്രൂരമായി മര്‍ദിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സംഭവമെന്തെന്നറിയാതെ പകച്ചുനിന്നു.

ആക്രമണം സഹിക്കാനാകാതെ വീടിനകത്തുനിന്ന് അശോകന്‍ പുറത്തേക്കോടി. പിന്നാലെയുണ്ടായിരുന്ന സംഘം പുറത്തിട്ടും മര്‍ദനം തുടര്‍ന്നു. പൊറുതിമുട്ടിയപ്പോള്‍ എംപിയുടെനേരെ കൈകൂപ്പി അശോകന്‍ ‘നിങ്ങള്‍ ഒരു എംപിയല്ലേ, ഞാന്‍ ഒരു സാധാരണക്കാരനല്ലേ, എന്തിനാണ് എന്നെ കൊല്ലാക്കൊല ചെയ്യുന്നത്’ എന്ന് യാചിക്കുന്നുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതുകേട്ടതോടെ സംഘം മര്‍ദനം കടുപ്പിച്ചു. നിലത്തുവീണ അശോകന്‍ ജീവരക്ഷാര്‍ഥം കൈയില്‍ കിട്ടിയ കല്ലെടുത്ത് അക്രമികള്‍ക്കുനേരെ എറിഞ്ഞു. ഇതോടെ സമനിലവിട്ട് എംപി ക്രുദ്ധനായി. ‘തല്ലി ശരിയാക്കെടാ അവനെ ‘ എന്ന് ആക്രോശിച്ചു. തുടര്‍ന്ന് അക്രമിസംഘം മര്‍ദനം നിര്‍ത്തി പൊലീസിനെ വിളിച്ചു. മ്യൂസിയം എസ്ഐ ശ്രീകാന്തും സംഘവും പാഞ്ഞെത്തി. കൊടിക്കുന്നില്‍ പറഞ്ഞതുകേട്ട് എസ്ഐ, അശോകനെ കുനിച്ചുനിര്‍ത്തി ഇടിച്ചുനിലത്തിട്ട് വലിച്ചിഴച്ച് പൊലീസ് ജീപ്പില്‍ സ്റ്റേഷനില്‍ എത്തിച്ചു.

ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും സംഭവസ്ഥലത്തെത്തി അശോകന്റെ ഭാര്യ ഗീതയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീകരാന്തരീക്ഷത്തില്‍ ഭയചകിതയായ ഗീതയെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് കസ്റ്റഡിയിലെടുത്തത്. സംഭവമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ മന്ത്രി വി സുരേന്ദ്രന്‍പിള്ള, സിപിഐ എം പാളയം ഏരിയ സെക്രട്ടറി എ എ റഷീദ് എന്നിവര്‍ സ്റ്റേഷനിലെത്തി. തുടര്‍ന്ന് പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാരും സിപിഐ എം പ്രവര്‍ത്തകരും സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എംപിക്കെതിരെ കേസ് എടുക്കാമെന്ന് പൊലീസ് നല്‍കിയ ഉറപ്പിലാണ് ജനങ്ങള്‍ പിരിഞ്ഞു പോയത്.




