ഗുണ്ടാ സംഘത്തലവന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എക്‌സൈസുകാര്‍ക്കു നേരെ കുരുമുളക് സ്പ്രേ

കോട്ടയം: ഗുണ്ടാ സംഘത്തലവന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എക്‌സൈസുകാര്‍ക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച കഞ്ചാവ് മാഫിയ സംഘം വാക്കത്തി വീശി രക്ഷപെട്ടു. നിരവധിക്കേസുകളില്‍ പ്രതിയായ ഗുണ്ടാ സംഘത്തലവന്‍ ആര്‍പ്പൂക്കര പനമ്ബാലം കൊപ്രായില്‍ ജെയിസ് മോന്റെ( അലോട്ടി – 26) വീട്ടില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ പരിശോധനയ്‌ക്കെത്തിയവരെയാണ് ആക്രമിച്ചത്.
ആക്രമണത്തില്‍ പരിക്കേറ്റ എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ കെ.ആര്‍ ബിനോദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.എം ശ്രീകാന്ത്, ജെക്‌സി ജോസഫ് എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു നിന്നും ആര്‍പ്പൂക്കര ചക്കിട്ടപ്പറമ്ബില്‍ അഖില്‍ രാജി(21) നെ ഏറ്റുമാനൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ബി.ചിറയത്തിന്റെ നേതൃത്വത്തില്ലുള്ള സംഘം അറസ്റ്റ് ചെയ്തു. അലോട്ടിയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പ്രതികളും അടക്കം അഞ്ചു പേര്‍ ഓടി രക്ഷപെട്ടു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആര്‍പ്പൂക്കര പനമ്ബാലത്ത് അലോട്ടിയുടെ വീട്ടിലായിരുന്നു സംഭവങ്ങള്‍. വീട്ടില്‍ ലഹരി പാര്‍ട്ടി നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം അലോട്ടിയുടെ വീട്ടിലെത്തിയത്. കഞ്ചാവും, ഒരു കേസ് ബിയറും, വിദേശ മദ്യവും പാര്‍ട്ടിക്കായി ഒരുക്കിയിരുന്നു. അലോട്ടിയുടെ പോക്കറ്റില്‍ നിന്നും ഒരു പൊതി കഞ്ചാവ് ലഭിച്ചു. മുറിക്കുള്ളില്‍ കൂടുതല്‍ കഞ്ചാവുണ്ടെന്നു ഇയാള്‍ എക്‌സൈസ് സംഘത്തോടു പറഞ്ഞു. ഈ കഞ്ചാവ് എടുക്കാനെന്ന വ്യാജേനെ മുറിയ്ക്കുള്ളില്‍ കയറിയ അലോട്ടി കട്ടിലിന്റെ അടിയില്‍ നിന്നും കുരുമുളക് സ്പ്രേ പുറത്തെടുത്ത് എക്‌സൈസ് സംഘത്തിനു നേരെ പ്രയോഗിച്ചു.

ഇതിനിടെ സംഘാംഗങ്ങളില്‍ ഒരാള്‍ എക്‌സൈസ് സംഘത്തിനു നേരെ വാക്കത്തി വീശി. ഇതിനിടെ ഗുണ്ടാ സംഘം വീട്ടില്‍ നിന്നും ഓടിരക്ഷപെട്ടു. മുറിക്കുള്ളിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അഖില്‍ രാജിനെ സാഹസികമായി പിടികൂടി. സംഘത്തിലുണ്ടായിരുന്ന സിവില്‍ എക്‌സൈസ് ഓഫിസര്‍ ദീപേഷ്, ഡ്രൈവര്‍ സുരേഷ് എന്നിവര്‍ ചേര്‍ന്ന് പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥരെ മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സകള്‍ക്കു വിധേയനാക്കി. പിടിയിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന ഗുണ്ടാ സംഘത്തലവന്‍ അലോട്ടി ഒരാഴ്ച മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. കൊലപാതകം അടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. അലോട്ടിയുടെ വീട്ടില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ അര്‍പ്പൂക്കര, പനമ്ബാലം, വില്ലൂന്നി പ്രദേശങ്ങളില്‍ നിന്നുള്ള യുവാക്കളാണ് ഉണ്ടായിരുന്നത്.
