KOYILANDY DIARY.COM

The Perfect News Portal

ഗുജറാത്തില്‍ ദലിത്‌ കുടുംബത്തിന്റെ വിവാഹ ഘോഷയാത്ര മേല്‍ജാതിക്കാര്‍ തടഞ്ഞു; കല്ലേറും ലാത്തിച്ചാര്‍ജ്ജും

സബര്‍കാന്ത > മേല്‍ ജാതിക്കാര്‍ ദളിത് കുടുംബത്തിന്റെ വിവാഹാഘോഷത്തിനു നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഗുജറാത്തിലെ ആരാവല്ലി ജില്ലയിലെ ഗ്രാമത്തില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ച് ചെയ്താണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഗുജറാത്തില്‍ ഈയടുത്ത ദിനങ്ങളില്‍ ദളിതര്‍ക്കു നേരെയുള്ള നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഞായറാഴ്ച സബര്‍കാന്ത ജില്ലയിലെ ഒരു ഗ്രാമത്തിലും സമാനതകളുള്ള ഒരു സംഭവം നടന്നു. ഇവിടെ ഉയര്‍ന്ന ജാതിക്കാരില്‍ നിന്നുള്ള ആക്രമണം ഭയന്ന് വിവാഹ ഘോഷയാത്രയ്ക്ക് സംരക്ഷണം വേണമെന്ന് ദളിത് വിഭാഗക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് സന്നാഹത്തിന്റെ സംരക്ഷണത്തിലാണ് വിവാഹം നടന്നത്. രണ്ടുദിവസം മുമ്ബ് ദളിത് വിഭാഗക്കാരനായ ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ വിവാഹവും പൊലീസ് സംരക്ഷണത്തിലാണ് നടന്നത്. ദളിതര്‍ ഗ്രാമത്തിലൂടെ വിവാഹഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത് ഉയര്‍ന്ന ജാതിക്കാര്‍ എതിര്‍ക്കുന്നത് ഗുജറാത്തില്‍ വ്യാപകമാണ്.

ആരാവല്ലി ജില്ലയിലെ ഖംഭിസാര്‍ ഗ്രാമത്തിലാണ് ഞായറാഴ്ച വിവാഹഘോഷയാത്രയ്ക്കു നേരെ കല്ലേറുണ്ടായത്. ദളിതര്‍ വിവാഹഘോഷയാത്ര നടത്തുന്നതിനെതിരെ ഉയര്‍ന്ന ജാതിക്കാര്‍ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ വിവാഹം ഭംഗിയായി നടത്താന്‍ ദളിതര്‍ പൊലീസ് സഹായം ആവശ്യപ്പെട്ടിരുന്നു. പൊലീസ് സന്നാഹത്തോടെ ഘോഷയാത്ര മുന്നേറുമ്ബോള്‍ത്തന്നെയാണ് കല്ലേറുണ്ടായത്. താക്കൂര്‍ ജാതിയില്‍ പെട്ടവരാണ് ദളിതര്‍ക്കെതിരെ ഈ ഗ്രാമത്തില്‍ നീക്കം നടത്തിയത്. തങ്ങള്‍ ആദ്യം ഘോഷയാത്ര നടത്താന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിയുണ്ടായെന്നും ഇതെത്തുടര്‍ന്ന് തിരിച്ചുവരികയും കൂടുതല്‍ പൊലീസുകാരെത്തി വീണ്ടും പുറത്തിറങ്ങുകയുമായിരുന്നെന്ന് വരന്റെ പിതാവ് പറയുന്നു. കൂടുതല്‍ പൊലീസുകാരുണ്ടായിരുന്നിട്ടും മേല്‍ജാതിക്കാര്‍ കല്ലെറിയുകയായിരുന്നു.

Advertisements

വിവാഹഘോഷയാത്ര പോകുന്ന റോഡുകളിലെല്ലാം മേല്‍ജാതിക്കാര്‍ യജ്ഞകുണ്ഠങ്ങള്‍ ഒരുക്കിയിരുന്നു. ഘോഷയാത്ര മുടക്കാനായിരുന്നു ഇത്. മേല്‍ജാതിക്കാര്‍ അക്രമം നടത്തുന്നത് തടയാന്‍ പൊലീസ് ആവതും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. റോഡില്‍ യജ്ഞം നടത്താന്‍ മേല്‍ജാതിക്കാര്‍ക്കും അനുമതി കിട്ടിയിരുന്നു. സമാനമായ രീതികള്‍ ഗുജറാത്തിലെ വിവിധയിടങ്ങളില്‍ മേല്‍ജാതിക്കാര്‍ പ്രയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതെസമയം സംഭവത്തില്‍ പൊലീസ് ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല.

തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദളിത് പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനിടെയാണ് ഗുജറാത്തില്‍ നിന്ന് ഈ റിപ്പോര്‍ട്ടുകള്‍ വരുന്നത്. രാജസ്ഥാനിലെ ആല്‍വാറില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മായാവതിക്കെതിരെ മോദി എടുത്തു പ്രയോഗിക്കുന്നുണ്ട്. രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ രാജസ്ഥാനിലെ രണ്ട് ബിഎസ്പി എംഎല്‍എമാകര്‍ പിന്തുണയ്ക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ വിമര്‍ശനം.

Share news

Leave a Reply

Your email address will not be published. Required fields are marked *