ഗവ. പ്ലീഡര്‍ തന്നെയാണ് കടന്നുപിടിച്ചതെന്ന് യുവതി

കൊച്ചി> ഗവ.പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞുരാന്‍ തന്നെ കടന്നു പിടിച്ചുവെന്ന ആരോപണത്തില്‍ ഉറച്ച് പരാതിക്കാരിയായ യുവതി. കേസെടുത്തപ്പോള്‍ തനിക്കെതിരെ അപവാദ പ്രചരണം നടത്തി. ഒരു വിഭാഗം അഭിഭാഷകര്‍ ഇതിന് കൂട്ടുനിന്നുവെന്നും നീതികിട്ടുമെന്ന് ഉറപ്പുണ്ടെന്നും യുവതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
അഭിഭാഷകന്‍ കടന്നു പിടിച്ചപ്പോഴും അതിനു ശേഷം താന്‍ ഇയാളുടെ പിന്നാലെ ഓടുമ്ബോഴും ധാരാളം പേര്‍ കണ്ടിട്ടുണ്ടന്നും യുവതി പറഞ്ഞു. എന്നാല്‍ അഭിഭാഷകന്റെ ഭാര്യ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് തന്നെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അയാളുടെ ബന്ധുക്കളും ചില അഭിഭാഷകരും ശ്രമിച്ചു.

കുടുംബം തന്നെ തകരുന്ന അവസ്ഥയാണെന്ന് തന്നോട് അവര്‍ പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് ഭാര്യയോട് പറയാന്‍ ആവശ്യപ്പെട്ടു. കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ട് പോവേണ്ടതുണ്ടെന്ന് പറഞ്ഞ് തന്നെ മാനസികമായി സ്വാധീനിക്കാന്‍ ഇയാളും അഭിഭാഷകരും ശ്രമിച്ചു. പിന്നീട് ഭാര്യയെ കൂട്ടി വന്ന് ബന്ധുക്കള്‍ കാലുപിടിച്ചതിനാലാണ് പരാതിയില്ലെന്ന് ആദ്യം എഴുതിക്കൊടുത്തത്.

എന്നാല്‍, ഒരു സ്ത്രീക്ക് ഇത്തരക്കാര്‍ക്കിടയില്‍ ധൈര്യമായി രാത്രി പുറത്തിറങ്ങാന്‍ കഴിയണമെന്നുള്ളത് കൊണ്ട് ഞാന്‍ കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് എനിക്ക് അഭിഭാഷകര്‍ക്കിടയില്‍ നിന്ന് വലിയ ഭീഷണിയാണ് വന്നത്. ഇപ്പോഴും ഭീഷണിയുണ്ട് അതു കൊണ്ടാണ് ഇത് വരെ മിണ്ടാതിരുന്ന താന്‍ ഇപ്പോള്‍ പരസ്യമായി പ്രതികരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ജൂലായ് 14 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോണ്‍വെന്റ് ജംഗ്ഷനടുത്ത് ഹൈക്കോടതിയിലെ ഗവ.പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞുരാന്‍ യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കേസ് റദ്ദാക്കാനാവില്ലെന്നും അന്വേഷണം അന്തിമഘട്ടത്തിലാണെന്നും പോലീസ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
