ഗവർമെന്റിന്റെ വികസന പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കാൻ സി.പി.ഐ.എം. പ്രവർത്തകർ രംഗത്തിറങ്ങും: കോടിയേരി

തിരുവനന്തപുരം> സംസ്ഥാനസര്‍ക്കാരിന്റെ വാര്‍ഷികാചരണത്തിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങുമെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗവര്‍മെന്റ് എയ്ഡഡ് സ്കൂളുകള്‍ മികവിന്റെ കേന്ദ്രമാക്കാനും ആശുപതി വികസനത്തിനുമുള്ള പദ്ധതികളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവ പങ്ക് വഹിയ്ക്കും. ജലസ്രോതസ്സുകള്‍ സംരക്ഷിയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ഒരു പാര്‍ട്ടി ലോക്കലില്‍ ഒരു പദ്ധതിയെങ്കിലും പാര്‍ട്ടിയെന്ന നിലയില്‍ ഏറ്റെടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

സര്‍ക്കാരിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 25 മുതല്‍ ഒരാഴ്ച്ചക്കാലം എല്‍ഡിഎഫ് സംഘടിപ്പിയ്ക്കുന്ന പരിപാടികള്‍ വിജയിപ്പിയ്ക്കാന്‍ പാര്‍ട്ടി രംഗത്തിറങ്ങും.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐ എം അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി കേരളത്തിലും പഞ്ചായത്ത് തലം വരെ നീളുന്ന പരിപാടികള്‍ നടക്കും. വാഹന ജാഥകള്‍ ഇതിനായി സംഘടിപ്പിയ്ക്കും.

റേഷന്‍ വിതരണം പാടേ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിയ്ക്കുന്നത് .കേരളത്തിനു രണ്ടു ലക്ഷം മെട്രിക് ടണ്‍ വെട്ടിക്കുറച്ചു. ഇപ്പോള്‍ കിട്ടുന്ന അരി ആളോഹരി വിഹിതം അഞ്ച് കിലോ പോലും കൊടുക്കാന്‍ തികയില്ല. അതുകൊണ്ട് അരി വിഹിതം പുനഃസ്ഥാപിയ്ക്കണം. ദേശീയ ഗ്രാമീണ തൊഴില്‍ദാന പദ്ധതിയുടെ തുകയും വെട്ടിക്കുറച്ചു.100 ദിവസമെങ്കിലും തൊഴില്‍ നല്‍കാന്‍ മതിയായ പണം ലഭ്യമാക്കണം.
കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ ഉപേക്ഷിയ്ക്കണം എന്നാ ആവശ്യവും പാര്‍ട്ടി ഉന്നയിക്കുന്നു.സ്വകാര്യ ല്‍ക്കരണം എസ് സി എസ് ടി,ഒബിസി വിഭാഗങ്ങള്‍ക്കുള്ള തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയ്ക്കുകയാണ്.
അധികാരത്തില്‍ വന്നാല്‍ കാര്‍ഷിക മേഖലയെ രക്ഷിയ്ക്കാന്‍ നടപ്പാക്കും എന്ന് പറഞ്ഞുനല്കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. കാര്‍ഷികാവശ്യത്തിനു ചെലവിടുന്ന തുകയുടെ ഒന്നര ഇരട്ടി കണക്കാക്കി ഉല്‍പ്പന്നത്തിനു താങ്ങുവില നല്‍കുമെന്ന പ്രഖ്യാപനം നടപ്പാക്കിയിട്ടില്ല. കാര്‍ഷികമേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. ഇക്കാര്യങ്ങളെല്ലാം മുന്‍ നിര്‍ത്തിയായിരിക്കും പ്രചരണ പരിപാടിയെന്നും കോടിയേരി പറഞ്ഞു.
