കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

എടക്കര: ഉരുള്‍പൊട്ടലില്‍ കനത്ത നാശം വിതച്ച കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മണ്ണിനടിയില്‍ ഇനിയും അന്‍പതോളം പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. വ്യാഴാഴ്ച രാത്രിയിലൂണ്ടായ ദുരന്തത്തില്‍ 65 പേരെ കാണാതായെന്നാണ് വിവരം. 43 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അന്‍പതോളം വീടുകള്‍ വാസയോഗ്യമല്ലാതായി.
മദ്രാസ് റെജിമെന്റിലെ മുപ്പതംഗ സൈനികരുടെയും എഴുപത്തഞ്ചോളം വരുന്ന പോലീസിന്റെയും ദുരന്തനിവാരണ സേന, ഫയര്‍ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലാണു തെരച്ചില്‍ നടക്കുന്നത്.കൂടാതെ ട്രോമാകെയര്‍ ഉള്‍പ്പടെയുള്ള വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.
കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ചും അതിനോടു ചേര്‍ന്ന സ്ഥലങ്ങള്‍ നോക്കിയുമാണ് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍.

