കരിങ്കല്‍ പൊട്ടിച്ച് കടത്താന്‍ കരാറുകാരൻ്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു

ബാലുശ്ശേരി: കരിങ്കല്‍ പൊട്ടിച്ച് കടത്താന്‍ കരാറുകാരൻ്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പൂനൂര് പുഴയുടെ സംരക്ഷണ ഭിത്തി നിര്‍മാണത്തിൻ്റെ മറവില്‍ കരിങ്കല്‍ പൊട്ടിച്ച് കടത്താന്‍ കരാറുകാരൻ്റെ ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. പൂനൂര്‍പ്പുഴയുടെ ചീടിക്കുഴി ഭാഗത്താണ് ജലസേചന വകുപ്പ് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ തീരുമാനിച്ചത്. രണ്ടുവര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ കൂറ്റന്‍ കരിങ്കല്ലുകള്‍ പുഴയിലൂടെ ഒഴുകി ചീടിക്കുഴി ഭാഗത്തെത്തിയിരുന്നു. പഞ്ചായത്ത് ഇടപെട്ട് കല്ലുകള്‍ പൊട്ടിച്ച് കരക്കടിപ്പിച്ച് വെച്ചിരുന്നു.

പുഴയുടെ സംരക്ഷണഭിത്തി കെട്ടാന്‍ ഈ കല്ലുകള്‍ ഉപയോഗിക്കാതെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിയാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്. പുഴയോരത്ത് കൂട്ടിയിട്ട കരിങ്കല്ലുകള്‍ ലോറിയില്‍ കടത്താനുള്ള നീക്കമാണ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത്. പുഴ സര്‍വേ ചെയ്യാതെ നിലവിലുള്ള വീതി കുറച്ച് സംരക്ഷണ ഭിത്തി നിര്‍മിക്കാനുള്ള കരാറുകാരൻ്റെ നീക്കവും കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു.


കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമദ് മോയത്ത്, പ്രേംജി ജയിംസ്, സി.പി.എം കാന്തലാട് ലോക്കല്‍ സെക്രട്ടറി കെ.കെ. ബാബു, പി. ഉസ്മാന്, വി.പി. സുരജ്, സുരേഷ് പുന്നായിക്കല് എന്നിവര്‍ സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


