കൗണ്‍സില്‍ യോഗത്തില്‍ വ്യാജ ഒപ്പിട്ട ബിജെപി കൗണ്‍സിലര്‍ പിടിയില്‍
ഷൊര്‍ണൂര്‍: കൗണ്‍സില്‍ യോഗത്തില്‍ ഹാജരാകാത്ത ബി ജെ പി കൗണ്‍സിലറുടെ വ്യാജ ഒപ്പിട്ട മറ്റൊരു ബി ജെ പി കൗണ്‍സിലര്‍ കൈയ്യോടെ പിടിക്കപ്പെട്ടു. ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് സംഭവം.അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ വിപിന്‍ നാഥാണ് യോഗത്തില്‍ എത്താതിരുന്നത്. എന്നാല്‍ അതെസ്ഥാനത്ത് രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ സിനി മനോജ് കൗണ്‍സില്‍ അറ്റന്റന്‍സ് രജിസ്റ്ററില്‍ വ്യാജ ഒപ്പിടുകയായിരുന്നു.
സിനി മനോജിന്റെ ഒപ്പ് അവരുടെ സ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെയാണ് വിപിന്‍ നാഥിന്റെ ഒപ്പിട്ടത്.സിപിഐ എം കൗണ്‍സിലര്‍ എന്‍ ജയപാലനാണ് വ്യാജ ഒപ്പിട്ടത് യോഗത്തില്‍ ശ്രദ്ധയില്‍ പെടുത്തിയത്. വിപിന്‍ നാഥ് പറഞ്ഞിട്ടാണ് ഞാന്‍ അവരുടെ ഒപ്പിട്ടതെന്നായിരുന്നു ബിജെപി കൗണ്‍സിലര്‍ സിനി മനോജിന്റെ മറുപടി. അതെസമയം ഈ നടപടി ക്രിമനല്‍ കുറ്റമാണെന്നും ആള്‍മാറാട്ടം ,കൗണ്‍സില്‍ യോഗത്തെ വഞ്ചിക്കല്‍ തുടങ്ങിയ കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഐ എം കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.

ഇതേ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്സണ്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാര്, പ്രതിപക്ഷ അംഗങ്ങള്‍ എന്നിവര്‍ അടങ്ങിയ അച്ചടക്കകമ്മിറ്റി യോഗം ചേര്‍ന്ന് നിയമ ഉപദേശം തേടി നടപ്പടിയെടുക്കുമെന്ന് ചെയര്‍പേഴ്സണ്‍ വി വിമല യോഗത്തെ അറിയിച്ചു. വ്യാജ ഒപ്പിട്ട സിനി മനോജിനെതിരെയും ഒപ്പിടാന്‍ പ്രേരിപ്പിച്ച വിപിന്‍ നാഥിനെതിരെയും ഷൊര്‍ണൂര്‍ പോലീസില്‍ പരാതി നല്കാന് വൈകിട്ട് ചേര്‍ന്ന അച്ചടക്ക കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.

കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെ സീറ്റിങ്ങ് ഫീസ് ലഭ്യമാക്കുവാന്‍ വേണ്ടിയാണ് വ്യാജ ഒപ്പിട്ടത്. ഈ നടപടി കൗണ്‍സില്‍ യോഗത്തിനു തന്നെ കളങ്കം ചാര്‍ത്തിയിരിക്കുകയാണെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ വി വിമല പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരണമെന്ന് സിപിഐ എം കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

