KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്രദ‌ര്‍ശനത്തിനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം: പുലര്‍ച്ചെ ക്ഷേത്ര ദര്‍ശനത്തിന് പോകും വഴി വീട്ടമ്മയുടെ കഴുത്തില്‍ വാള്‍വച്ച്‌ ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിക്കാന്‍ ശ്രമം. ചെമ്മരുതി പഞ്ചായത്തിലെ പനയറ പോരിട്ടക്കാവ് ക്ഷേത്രത്തിന് സമീപം ഇന്ന് പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. പനയറ സ്വദേശിയായ അമ്പതുകാരിക്കുനേരെയാണ് അതിക്രമമുണ്ടായത്. തനിച്ച്‌ നടന്നുവരികയായിരുന്ന ഇവരെ ക്ഷേത്രത്തിന് അല്‍പ്പം അകലെവച്ചാണ് ബൈക്കില്‍ ജാക്കറ്റ് ധരിച്ചെത്തിയ യുവാവ് ആക്രമിച്ചത്.

ബൈക്ക് വേഗം കുറച്ച്‌ നിര്‍ത്തുന്നത് കണ്ട് ഭയന്നോടിയ വീട്ടമ്മയെ പിന്തുടര്‍ന്ന ഇയാള്‍ കഴുത്തില്‍ വാളുപോലുള്ള ആയുധം വച്ചശേഷം ഇവരുടെ വായ പൊത്തിപ്പിടിച്ച്‌ അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള റോഡില്‍ വിജനമായ സ്ഥലത്തുവച്ചായിരുന്നു സംഭവം. പിടിവലിക്കും ഉന്തിനും തള്ളിനുമിടയില്‍ കുതറിഓടിയ വീട്ടമ്മ നിലവിളിച്ച്‌ ബഹളം കൂട്ടി. അല്‍പ്പദൂരം വീണ്ടും ഇയാള്‍ വീട്ടമ്മയെ പിന്തുടര്‍ന്നെങ്കിലും ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമി ബൈക്കും ആയുധവും സ്ഥലത്തുപേക്ഷിച്ചശേഷം രക്ഷപ്പെട്ടു.

നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ അയിരൂര്‍ പൊലീസെത്തി ബൈക്കും ആയുധവും കസ്റ്റഡിയിലെടുത്തു. നാടകത്തിലും മറ്റും ഉപയോഗിക്കുന്ന വാളാണ് ഇതെന്ന് പൊലീസ് പറഞ്ഞു. കടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഏതാനും ദിവസം മുമ്ബ് മോഷണം പോയ പള്‍സര്‍ ബൈക്കാണ് കസ്റ്റഡിയിലായത്. മോഷ്ടാവാണ് ഇയാളെന്ന് സംശയിക്കുന്നുണ്ടെങ്കിലും വീട്ടമ്മ മാലയോ മറ്റ് ആഭരണങ്ങളോ അണിഞ്ഞിരുന്നില്ല. അതിനാല്‍ പീഡന ശ്രമമാകാമെന്നാണ് പൊലീസിന്റെ നിഗമനം. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി വീട്ടമ്മയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അക്രമിയെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *