ക്ഷേത്രത്തില്‍പോയ വീട്ടമ്മയെ കരമനയാറ്റില്‍ ഒഴുക്കില്‍പെട്ട് കാണാതായി
കാട്ടാക്കട: ക്ഷേത്രത്തില്‍പോയ വീട്ടമ്മയെ കരമനയാറ്റില്‍ ഒഴുക്കില്‍പെട്ട് കാണാതായി. ആര്യനാട് ഗണപതിയാങ്കുഴി രമാ നിവാസില്‍ രവീന്ദ്രന്റെ ഭാര്യ രമയെയാണ് (55) തിങ്കളാഴ്ച പുലര്‍ച്ചെ 5.45ന് ആര്യനാട് ആനന്ദേശ്വരം ശിവക്ഷേത്രത്തിന് സമീപത്തെ പൂവണം മൂട്ട്കടവില് നിന്നും കാണാതായത്. വര്‍ഷങ്ങളായി രമ ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിന് പോകാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
പതിവ് പോലെ ക്ഷേത്ര ദര്‍ശനത്തിനാണ് തിങ്കളാഴ്ച പുലര്‍ച്ചെയും ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. കരമനയാറിന്റെ കടവായ പൂവണം മൂട്ട്കടവില് ഇറിഗേഷന്‍ വിഭാഗം നിര്‍മിച്ചിരിക്കുന്ന തടയണയിലൂടെ നടന്നാണ് ആറ് കടന്ന് ക്ഷേത്രത്തില്‍ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് ആറില്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. തടയണമുറിച്ചു കടക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കുള്ളതിനാല്‍ രമ തിരികെ മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ തെന്നി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് കടവിലുണ്ടായിരുന്നവര്‍ പറയുന്നു.

ഉടന്‍ തന്നെ ബഹളം വെച്ച് ആളെകൂട്ടി തെരച്ചില്‍ തുടങ്ങി. നെടുമങ്ങാട് നിന്ന് ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ആറിന്റെ ശക്തമായ ഒഴുക്ക് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു.




