ക്ഷേത്രം കുത്തിത്തുറന്ന് തിരുവാഭരണവും പണവും മോഷ്ടിച്ചു

കോഴിക്കോട്: നഗരത്തിനടുത്ത് ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രം കുത്തിത്തുറന്ന് തിരുവാഭരണവും പണവും മോഷ്ടിച്ചു. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന അഞ്ചേമുക്കാല്‍ പവന്റെ മാലയും ഭണ്ഡാരത്തിലുണ്ടായിരുന്ന 25,000 രൂപയും നഷ്ടപ്പെട്ടു. 1.35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ മേല്‍ശാന്തി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ക്ഷേത്രത്തിന് നാല് ഗേറ്റുകള്‍ ഉണ്ടെങ്കിലും പൂട്ടാറില്ല. തെക്കുഭാഗത്തുള്ള വാതിലിന്റെ സ്ക്രൂ അഴിച്ചെടുത്ത് ഓടാമ്പല്‍ നീക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്. ശ്രീകോവില്‍ പൂട്ടിയിരുന്നില്ല. ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് ഭണ്ഡാരത്തിന്റെ താക്കോല്‍ കൈക്കലാക്കിയിട്ടുണ്ട്. തുറക്കാന്‍ പറ്റാത്തവ പൊളിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് എസ്ഐ പി കെ വിനോദന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധന നടത്തിയപ്പോള്‍ ക്ഷേത്രവളപ്പില്‍ ഉപേക്ഷിച്ച കമ്പിപ്പാര കണ്ടെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ശാസ്ത്രീയ പരിശോധനാ സംഘവും തെളിവെടുത്തു.

ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം. മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രം 2003-ലാണ് പുതുക്കിപ്പണിതത്. മെയ് മൂന്നിന് ഉത്സവം തുടങ്ങാനിരിക്കെയാണ് സംഭവം. അകത്തും പുറത്തുമുള്ള എട്ട് ഭണ്ഡാരങ്ങളും പൊളിച്ചിട്ടുണ്ട്. വിഷു സമയത്ത് ഭണ്ഡാരം തുറന്നിരുന്നതിനാല്‍ കൂടുതല്‍ പണം നഷ്ടമായില്ല. ശ്രീകോവിലില്‍ ഉണ്ടായിരുന്ന വെള്ളി കിരീടം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ക്ഷേത്രവളപ്പില്‍നിന്നും കണ്ടെടുത്തു.

സ്ഥലത്തെക്കുറിച്ച് പരിചയമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് സൂചന. ഒന്നില്‍കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും കരുതുന്നു. കവര്‍ച്ച പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പി ബി രാജീവ് അറിയിച്ചു. മെഡിക്കല്‍ കോളേജ് സിഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണസംഘം.

