KOYILANDY DIARY.COM

The Perfect News Portal

ക്വാറികളും കുളങ്ങളും സംരക്ഷിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും

കോഴിക്കോട് : കൃഷിക്ക് ഊന്നല്‍ നല്‍കി തരിശു രഹിത ജില്ലയാക്കാനും, ക്വാറികളും കുളങ്ങളും സംരക്ഷിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനും ജില്ലാ പഞ്ചായത്ത് ഗ്രാമസഭായോഗം തീരുമാനിച്ചു. 2017-18 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന പദ്ധതികളുടെ മുന്‍ഗണന തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഗ്രാമസഭയില്‍ ഉയര്‍ന്നു. ഉല്‍പ്പാദന, സേവന, പശ്ചാത്തല മേഖലയില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

13-ാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന് സിവില്‍ സ്റ്റേഷനിലെ എന്‍ജിനിയേഴ്സ് ഹാളില്‍ നടന്ന ഗ്രാമസഭയില്‍ ഗ്രാമ, ബ്ളോക്ക് പഞ്ചായത്ത് അധ്യക്ഷര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി  ഉദ്ഘാടനം ചെയ്തു. വൈദ്യുതി പ്രതിസന്ധി പരിഹാരത്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.  ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ സ്ഥലത്ത്  വയോജന കേന്ദ്രങ്ങള്‍ നിര്‍മിക്കാനും  തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷയായി. അഹമ്മദ് പുന്നക്കല്‍, മേലടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, പ്രൊഫ. കെ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ഡി  ഫിലിപ്പ് നന്ദിയും പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *