KOYILANDY DIARY.COM

The Perfect News Portal

ക്രൈംബ്രാഞ്ച് പുനസംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്‍ക്ക് ചുമതല നല്‍കി പുനസംഘടിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ക്രൈംബ്രാഞ്ച് സിഐഡി എന്ന പേരിലുളള വിഭാഗം ഇനി ക്രൈംബ്രാഞ്ച് എന്നാണ് അറിയപ്പെടുക.

സാമ്പത്തിക കുറ്റങ്ങള്‍, ആസൂത്രിത കുറ്റകൃത്യങ്ങള്‍, പരുക്കേല്‍പ്പിക്കലും, കൊലപാതകങ്ങളും, ക്ഷേത്രക്കവര്‍ച്ച എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഐജിമാര്‍ക്കും ഡിജിപിമാര്‍ക്കും എസ്പിമാര്‍ക്കും ചുമതല നല്‍കിയിട്ടുളളത്. ഇതോടൊപ്പം സൈബര്‍ ക്രൈം, ആന്റ് പൈറസി തുടങ്ങിയ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. ഈ ഘടന കേസ് അന്വേഷണത്തിന് വലിയ പ്രയാസമുണ്ടാക്കുന്നു. ഒരു ജില്ലാ കേന്ദ്രത്തിലുളള എസ്പി പല ജില്ലകളിലെ കേസുകളിലെയും ചുമതല വഹിക്കേണ്ടിവരുന്നു.

സാമ്പത്തിക കുറ്റാന്വേഷണത്തിന് കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്പി ഇപ്പോള്‍ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളുടെ ചുമതലകൂടി വഹിക്കുന്നു. ഈ രീതി ഇരകള്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അത് കണക്കിലെടുത്താണ് റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്‍ക്ക് ചുമതല നല്‍കാന്‍ തീരുമാനിച്ചത്. കൊല്ലം എസ്പിക്ക് പത്തനംതിട്ട ജില്ലയുടെ കൂടി ചുമതലയുണ്ടാകും. കോഴിക്കോട് എസ്പിക്ക് വയനാടിന്റെയും കണ്ണൂര്‍ എസ്പിക്ക് കാസര്‍ഗോഡിന്റെയും ചുതമല നല്‍കും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കുറ്റകൃത്യം ഏത് തരത്തിലുളളതായാലും ഇനി മുതല്‍ അതത് ജില്ലകളിലെ എസ്പിമാര്‍ക്കായിരിക്കും ചുമതല.

Advertisements

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍

2018-ലെ കേന്ദ്ര ചരക്കുസേവന നികുതി (ഭേദഗതി) നിയമത്തിനനുസൃതമായി തയ്യാറാക്കിയ കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. വയനാട് കുങ്കിച്ചിറ ഹെറിറ്റേജ് മ്യൂസിയത്തില്‍ ക്യുറേറ്റരുടെയും ഗൈഡ് ലക്ച്ചറുടെയും ഓരോ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിനെയും പതിനാല് ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച്‌ ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ ത്രിതലത്തില്‍ നിന്നും ദ്വിതലത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച നിബന്ധനകള്‍ക്ക് വിധേയമായാണ് ഈ മാറ്റം വരുത്തുക. കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

തിരുവനന്തപുരം ജില്ലയിലെ തൈക്കാട് വില്ലേജില്‍ എക്‌സൈസ് ടവര്‍ സ്ഥാപിക്കുന്നതിന് 14.52 ആര്‍ സര്‍ക്കാര്‍ പുറമ്ബോക്കു ഭൂമി ഉപയോഗിക്കുന്നതിന് എക്‌സൈസ് വകുപ്പിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

വിക്രംസാരഭായി സ്‌പെയ്‌സ് സെന്ററിന് സ്‌പെയ്‌സ് സിസ്റ്റം കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന് നോളജ് സിറ്റിയിലെ 3.94 ഏക്കര്‍ ഭൂമി ഏക്കറിന് ഒരു രൂപ നിരക്കില്‍ 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ ടെക്‌നോപാര്‍ക്കിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ റോഡ് ശൃംഗലകളിലൂടെ ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ഇടുന്നതിന് ടെലികോം സേവനദാതാക്കള്‍ക്കും അടിസ്ഥാന സൗകര്യം ഒരുക്കുന്ന കമ്ബനികള്‍ക്കും ഉപയോഗാനുമതി (റൈറ്റ് ഓഫ് വേ) നല്‍കുന്നതിന് കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഒറ്റത്തവണയായി ഈടാക്കുന്ന തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകയിരുത്താന്‍ തീരുമാനിച്ചു. ഇപ്പോള്‍ കിലോമീറ്ററിന് 75,000 രൂപ നിരക്കിലാണ് ഐടി മിഷന്‍ ഒറ്റത്തവണയായി തുക ഈടാക്കുന്നത്. നിലവില്‍ റോഡിന്റെ ചുമതലയുളള വകുപ്പിനാണ് തുക കൈമാറുന്നത്.

തോട്ടം ഉടമകളില്‍ നിന്ന് കാര്‍ഷികാദായ നികുതി ഈടാക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കാര്‍ഷികാദായ നികുതി ഈടാക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതില്‍ മാറ്റം വരുത്തിയാണ് നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്.

കേന്ദ്ര പദ്ധതികളായ സര്‍വ്വശിക്ഷാ അഭിയാനും (എസ്‌എസ്‌എ), രാഷ്ട്രീയ മാധ്യമിക് സര്‍വ്വശിക്ഷാ അഭിയാനും (ആര്‍എംഎസ്‌എ) സംയോജിപ്പിക്കുന്നതിന് തയ്യാറാക്കിയ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ചട്ടങ്ങളും മന്ത്രിസഭ അംഗീകരിച്ചു. സംയോജനത്തിന്റെ ഭാഗമായി സ്‌കൂള്‍ എജുക്കേഷന്‍ ഡെവലപ്‌മെന്റ് അതോറിറ്റി കേരള എന്ന പുതിയ സൊസൈറ്റി രൂപീകരിക്കുന്നതാണ്.

ആലപ്പുഴ സായി ജലകായിക കേന്ദ്രത്തിലെ കായിക താരമായിരുന്ന അപര്‍ണ രാമഭദ്രന്റെ മാതാവ് ഗീത രാഘവന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഓഫീസ് അറ്റന്റന്‍ഡായി നിയമനം നല്‍കാന്‍ തീരുമാനിച്ചു. നാഷണല്‍ ഗെയിംസ് ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ മെഡല്‍ നേടിയിട്ടുളള അപര്‍ണയുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്ന് നിരാലംബമായ കുടുംബത്തിന്റെ സാഹചര്യം കണക്കിലെടുത്താണ് മാതാവിന് ജോലി നല്‍കാന്‍ തീരുമാനിച്ചത്.

മലയോര ഹൈവേയുടെ കോഴിക്കോട് ജില്ലയിലെ പുതുക്കിയ അലൈന്‍മെന്റ് അംഗീകരിച്ചു. പുതുക്കിയ അലൈന്‍മെന്റ്: പാലുവായ് (ജില്ലാ അതിര്‍ത്തി) – വിലങ്ങാട് – കുന്നുകുളം – കായക്കൊടി – തൊട്ടില്‍പ്പാലം – മുള്ളന്‍കുന്നി – ചെമ്ബനോട – പെരുവണ്ണാമൂഴി – ചക്കിട്ടപാറ – ചെംമ്ബ്ര – കൂരാച്ചുണ്ട് – കല്ലാനോട് – തലയാട് – മലപ്പുറം – തൈയ്യംപാറ – തേവര്‍മല – കോഴഞ്ചേരി – മീന്‍മുട്ടി – നെല്ലിപ്പൊയില്‍ – പുല്ലൂരാംപാറ – പുന്നക്കല്‍ – കൂടരഞ്ഞി – കൂമ്ബാറ – ആനക്കല്ലുംപാറ – താഴേ കക്കാട് – കക്കാടംപൊയില്‍ (ജില്ലാ അതിര്‍ത്തി).

തസ്തികകള്‍

മലപ്പുറം ജില്ലയിലെ എടക്കര ആയുര്‍വേദ ഡിസ്‌പെന്‍സറി 30 കിടക്കയുളള ആശുപത്രിയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി 12 തസ്തികകള്‍ സൃഷ്ടിക്കും.

അട്ടപ്പാടിയിലെ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ 22 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കണ്ണൂര്‍ ജില്ലയിലെ മുണ്ടല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഒരു ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കയര്‍ഫെഡിലെ മാനേജീരിയല്‍ വിഭാഗം ജീവനക്കാരുടെ ശമ്ബളവും മറ്റ് അലവന്‍സുകള്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

നിയമനം, മാറ്റം

ആസൂത്രണ സാമ്ബത്തികകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വിശ്വാസ മേത്തക്ക് ഹൗസിംഗ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കാന്‍ തീരുമാനിച്ചു.

കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ എ ജയതിലക്, തുറമുഖം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം എന്നീ വകുപ്പുകളുടെ അധിക ചുമതല കൂടി വഹിക്കും.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി വഹിക്കും.

പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ പാര്‍ലമെന്ററികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *