കോഴിക്കോട് വഴിതെറ്റിയെത്തിയ പാഴ്സലുകള്‍ വിറ്റഴിക്കാന്‍ ഒരു പകല്‍നീണ്ട ലേലം

കോഴിക്കോട്: വഴിതെറ്റിയെത്തിയ പാഴ്സലുകള്‍ വിറ്റഴിക്കാന്‍ ഒരു പകല്‍നീണ്ട ലേലം. സാധാരണയായി രണ്ടോമൂന്നോ മണിക്കൂറില്‍ തീരുന്ന ലേലമാണ് വൈകീട്ട് ഏഴു മണിയോളം നീണ്ടത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പാഴ്സല്‍ ഓഫീസില്‍ വ്യാഴാഴ്ച 48 പാഴ്സലുകളാണ് ലേലത്തിനുവെച്ചത്. ആറെണ്ണമൊഴികെയെല്ലാം ലേലത്തില്‍പ്പോയി. ഇഡ്ഢലി കുക്കര്‍ മുതല്‍ ഹെന്ന പൗഡര്‍വരെയുള്ളവ വിറ്റുതീര്‍ത്തപ്പോള്‍ റെയില്‍വേക്ക് ലഭിച്ചത് 1.85 ലക്ഷം രൂപ.
രാവിലെ പതിനൊന്നോടെയാണ് ലേലം തുടങ്ങിയത്. വിലാസക്കാരെ കണ്ടെത്താനാവാതെ ബാക്കിയായ പാഴ്സലുകളാണ് വില്പനയ്ക്കുവെച്ചത്. വിലാസവും കോഡ് നമ്പറും തെറ്റി കോഴിക്കോട്ടെത്തിയവയാണ് ഇവയിലേറെയും.
ആദ്യം ലേലത്തിനെടുത്തത് ഇഡ്ഢലി കുക്കറാണ്.

48 എണ്ണമടങ്ങിയ പാഴ്സല്‍ 11,850 രൂപയ്ക്കാണ് വിറ്റുപോയത്. ജ്യൂസര്‍, വൈദ്യുതോപകരണങ്ങള്‍, കാസറോള്‍, ടിഫിന്‍ ബോക്സ്, സ്റ്റീല്‍ പാത്രങ്ങള്‍, പര്‍ദ, ഷാള്‍, ചുരിദാര്‍, ചെരിപ്പുകള്‍, ഷൂ എന്നിങ്ങനെയായിരുന്നു പാഴ്സലുകളിലുണ്ടായിരുന്നത്. അസിസ്റ്റന്റ് കമേഴ്സ്യല്‍ മാനേജര്‍ രാജസുന്ദരം, സീനിയര്‍ ഓഡിറ്റര്‍ ഒ.കെ. സത്യന്‍, ചീഫ് കമേഴ്സ്യല്‍ ഇന്‍സ്പെക്ടര്‍ ശ്യാം ശശിധരന്‍, ചീഫ് പാഴ്സല്‍ സൂപ്പര്‍വൈസര്‍ ഇ.കെ. രാഘവന്‍ എന്നിവരാണ് ലേലത്തിന് നേതൃത്വം നല്‍കിയത്.
