കോഴിക്കോട് നഗരത്തിന്‍റെ മുക്കും മൂലയും ക്യാമറയില്‍ പകര്‍ത്തി ഫോട്ടോവോക്ക്

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട്ടങ്ങാടിയുടെ പ്രധാന ഇടങ്ങളിലെല്ലാം ക്യാമറയും തൂക്കി വന്ന മൊഞ്ചന്‍മാരും മൊഞ്ചത്തിമാരിമാരുമായിരുന്നു. വെറുതെ ക്യാമറ തൂക്കി നടക്കുന്ന ന്യൂജെന്‍ കൂട്ടുകാരായിരുന്നില്ല, നഗരത്തിന്‍റെ മുക്കും മൂലയും ക്യാമറയില്‍ പകര്‍ത്തി അവര്‍ മിഠായിത്തെരുവിലൂടെയും വലിയങ്ങാടിയിലൂടെയും നടന്നു.
കോഴിക്കോട് ഡിസൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പുള്ളിസ് ഒരുക്കിയ ‘ഫോട്ടോവോക്കി’ല്‍ പങ്കെടുക്കാന്‍ വിവിധയിടങ്ങളില്‍ വന്നവരാണ് നഗരത്തെ ക്യാമറയില്‍ പകര്‍ത്തി മുന്നേറിയത്. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ നിന്നും ആരംഭിച്ച് ബീച്ചില്‍ സമാപിച്ച പരിപാടിക്ക് ഫോട്ടോഗ്രാഫറും ഡോക്യുമെന്‍ററി സംവിധായകനുമായ ഇജാസാണ് നേതൃത്വം നല്‍കിയത്.

വിവിധ മേഖലകളില്‍ കഴിവും താല്‍പര്യവുമുള്ളവരെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് പുള്ളീസിന്‍റെ കീഴില്‍ രുപീകരിച്ച വേദിയായ പൗവൗയാണ് ഫോട്ടോ വോക്ക് നടത്തിയത്. വിദ്യാര്‍ഥികളും സ്ത്രീകളും അടക്കം നിരവധി ഫോട്ടോഗ്രാഫര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഗുജറാത്തി സ്ട്രീറ്റ്, വലിയങ്ങാടി, സില്‍ക്ക് സ്ട്രീറ്റ്, ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഫോട്ടോവോക്ക് കടന്നുപോയത്. പരിപാടിയില്‍ നിന്നും ലഭിച്ച ഫോട്ടോകള്‍ ഉപയോഗിച്ച് കോഴിക്കോടിന്‍റെ ഫോട്ടോ ആല്‍ബം നിര്‍മ്മിക്കാനും തെരഞ്ഞെടുക്കുന്ന ഫോട്ടോകളുടെ ഒരു പ്രദര്‍ശനം നടത്താനും സംഘാടകര്‍ ആലോചിക്കുന്നുണ്ട്.

