KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്ട് വീണ്ടും എടിഎം തട്ടിപ്പ്

കോഴിക്കോട്: സ്കിമ്മര്‍ ഉപയോഗിച്ചുള്ള എടിഎം തട്ടിപ്പിന് പിന്നാലെ കോഴിക്കോട്ട് കണക്ടിവിറ്റി വിച്ഛേദിച്ചും മെഷീന്‍ ഓഫാക്കിയും പുതിയ മോഡല്‍ തട്ടിപ്പ്. കോഴിക്കോട് ആനിഹാള്‍ റോഡിലെ എസ്.ബി.ഐ. എ.ടി.എമ്മിലാണ് തട്ടിപ്പുനടന്നത്. ബാങ്കിന്റെ താല്‍ക്കാലിക അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പ് നടത്തിയത് എന്നതിനാല്‍ വിവരം പുറത്തറിയാനും വൈകി. കൂടുതല്‍ തട്ടിപ്പു വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഉപയോക്താക്കള്‍ ആശങ്കയിലാണ്.

എ.ടി.എം. മെഷീനിലും നെറ്റ്വര്‍ക്കിലും കൃത്രിമം നടത്തിയശേഷം ആറുതവണയായി 1,49,000 രൂപ പിന്‍വലിക്കുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട നാലുപേരുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സഹിതം ബ്രാഞ്ച് മാനേജര്‍ പരാതി നല്‍കിയതായി കോഴിക്കോട് ടൗണ്‍ എസ്.ഐ. കെ. ശംഭുനാഥ് അറിയിച്ചു.

വിവിധ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിച്ച്‌ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന സമയത്ത് എ.ടി.എമ്മിന്റെ കണക്ടിവിറ്റി വിച്ഛേദിച്ച്‌ മെഷീന്‍ ഓഫാക്കിയാണ് തട്ടിപ്പു നടത്തിയത്. പണമെത്തുന്ന സമയത്തു തന്നെ മെഷീന്‍ ഓഫാക്കിയതിനാല്‍ വ്യക്തിഗത അക്കൗണ്ടുകള്‍ക്കുപകരം ബാങ്കിന്റെ താത്കാലിക അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടമായത്. അതിനാല്‍ത്തന്നെ ഇടപാടുകാര്‍ ആരുംതന്നെ പരാതിയുമായി രംഗത്തെത്തിയതുമില്ല. ബാങ്ക് അധികൃതര്‍ എ.ടി.എം. ഇടപാടുകളുടെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ മാത്രമാണ് ഈ തട്ടിപ്പ് പുറത്തായത്.

Advertisements

ഡിസംബര്‍ 20-നാണ് ആദ്യമായി പണം കവര്‍ച്ചചെയ്യപ്പെട്ടത്. നാല്പതിനായിരം രൂപയാണ് അന്ന് കവര്‍ന്നത്. ജനുവരി 13-ന് രണ്ടുതവണയായി 39,500 രൂപ വീതവും ഒരു തവണ പതിനായിരം രൂപയും പിന്‍വലിച്ചു. ജനുവരി 20-ന് രണ്ടുതവണയായി പതിനായിരം രൂപ വീതവും പിന്‍വലിക്കുകയായിരുന്നു.

അതേസമയം, സ്കിമ്മര്‍ ഉപയോഗിച്ച്‌ കോഴിക്കോട് നഗരത്തിലെ എ.ടി.എമ്മുകളില്‍നിന്ന് പണം കവര്‍ന്ന സംഭവത്തില്‍ കസ്റ്റഡിയിലുള്ള കാസര്‍കോട് സ്വദേശി ഉള്‍പ്പെടെയുള്ള പ്രതികളുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കസബ പോലീസ് കോയമ്ബത്തൂരിലും വയനാട്ടിലും തിങ്കളാഴ്ച അന്വേഷണം നടത്തി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതായി കോഴിക്കോട് സൗത്ത് എ.സി.പി. കെ.പി. അബ്ദുല്‍ റസാഖ് അറിയിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാടുകുന്ന്, പന്തീരാങ്കാവ്, പള്ളിക്കണ്ടി എന്നിവിടങ്ങളിലെ എ.ടി.എം. കൗണ്ടറുകളില്‍ നിന്നായിരുന്നു സ്കിമ്മര്‍ ഉപയോഗിച്ച്‌ പണം കവര്‍ന്നത്. എ.ടി.എം. കൗണ്ടറിന്റെ കീപാഡിന് മുകളില്‍ ഒളിക്യാമറവെച്ച്‌ രഹസ്യനമ്ബര്‍ മനസ്സിലാക്കി സ്കിമ്മര്‍ ഉപയോഗിച്ച്‌ ഡേറ്റാകാര്‍ഡ് വിശദാംശങ്ങള്‍ പകര്‍ത്തുകയും ഇവ ഉപയോഗിച്ച്‌ വ്യാജ എ.ടി.എം. കാര്‍ഡ് നിര്‍മിച്ച്‌ പണം പിന്‍വലിക്കുകയുമായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *