കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി, രണ്ട് കുടുംബങ്ങള്‍ ഒലിച്ചു പോയി

കോഴിക്കോട്> കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും തുടരുന്നു. താമരശേരിയില്‍ ഉരുല്പൊട്ടലില് ഒരുകുട്ടി മരിച്ചു. അബ്ദുള്‍ സലീമിന്റെ മകള്‍ ഒന്‍പതുവയസ്സുകാരി ദില്‍നയാണ് മരണപ്പെട്ടത്.
കട്ടിപ്പാറയില്‍ 12പേരെയാണ് കാണാതായത്. അതില്‍ 4 പേരെ രക്ഷപ്പെടുത്തി. രണ്ട് കുടുംബങ്ങളെയാണ് കണ്ടെത്താനുള്ളത്. അഞ്ച് വീടുകള്‍ അപ്രത്യക്ഷമായതായും കരുതുന്നു.

കരിഞ്ചോല സ്വദേശി ഹസന്റെ കുടുംബത്തിലെ 7 പേരെയും , അബ്ദുറഹ്മാന്റെ കുടുംബത്തിലെ 4 പേരെയുമാണ് കാണാതായത്. ഇവര്‍ മണ്ണിനുള്ളില്‍പ്പെട്ടു പോയതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കോഴിക്കോട് നാലിടത്തും മലപ്പുറം എടവണ്ണയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. പുല്ലൂരാംപാറ, ബാലുശേരി മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. എന്നാല്‍ ഇവിടങ്ങളില്‍ ആളപായമില്ല.

താമരശേരിചുരത്തില്‍ മരം കടപുഴകി വീണു. തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. കര്‍ണാടക്, ലക്ഷ്വീപ്, കേരള തരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കനത്തമഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പ്രദേശങ്ങളിലേക്ക് കടന്നുചെല്ലാന്‍ പറ്റാത്ത സാഹചര്യമാണ്. റോഡ് ഗതാഗതം താറുമാറായി. രണ്ട് ദിവസമായി കോഴിക്കോടും വടക്കന്‍ ജില്ലകളിലും കനത്തമഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര് പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്. മലപ്പുറത്ത് എട്ടു പഞ്ചായത്തുകളില്‍ കൃഷിസ്ഥലത്തും വീടുകളിലും വെള്ളം കയറി. തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിഞ്ഞുവീണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു
ഫയര്‍ഫോഴ്സും പൊലീസും സന്നദ്ധപ്രവര്‍ത്തകരും ഊര്‍ജിതമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും പ്രദേശങ്ങളിലേക്ക് തിരിച്ചു. കേന്ദ്ര ദുരന്ത് നിവാരണ സേന ഇന്ന് കോഴിക്കോട്ടെത്തും. കക്കയം ഡാം ഷട്ടറുകള്‍ ഒരു മണിക്കൂറിനുള്ളില്‍ തുറന്നവിടുമെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
