കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിലെത്തിയ രാഹുല്‍ തുറന്ന വാഹനത്തിലാണ് പ്രവര്‍ത്തകരോടൊപ്പം കളക്‌ട്രേറ്റിലെത്തിയത്. രാഹുലിനൊപ്പം അഞ്ച് പേര്‍ക്ക് മാത്രമാണ് പത്രിക സമര്‍പ്പിക്കാന്‍ കളക്ടറുടെ ചേമ്ബറിലേക്ക് കയറാന്‍ അനുവാദം ലഭിച്ചത്. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എം.പി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് എന്നിവരാണ് രാഹുലിനൊപ്പം കളക്‌ട്രേറ്റില്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.

നാല് സെറ്റ് പത്രികകളാണ് രാഹുല്‍ഗാന്ധി സമര്‍പ്പിച്ചത്. ശേഷം റോഡ് ഷോ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. വൈത്തിരി വെടിവയ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് മേഖല. എസ്.പി.ജി നിയന്ത്രണത്തിലാണ് കല്‍പറ്റ.

