കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വന്‍ നിരോധിത പുകയില ഉത്പന്ന വേട്ട. ചാക്ക് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ സ്ത്രീ അടക്കം രണ്ടു പേരെ അറസ്റ്റ് ചെയതിട്ടുണ്ട്. ഹാന്‍സ്, ശംഭു, തുളസി പാന്‍പരാഗ് അടക്കമുള്ളവയാണ് എത്തിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ബംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസില്‍ നിന്നാണ് ചാക്ക് കണക്കിനു നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
നിരോധിത പുകയില ഉത്പന്നങ്ങള്‍ ട്രെയിനില്‍ കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ എസ്.ഐ ബിന്‍സ് ജോസഫ്, ആര്‍പിഎഫ് സിഐ എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിനില്‍ പരിശോധന നടത്തിയത്.ഇതേ തുടര്‍ന്നാണ് റെയില്‍വേ സ്റ്റേഷനില്‍ ഐലന്‍ഡ് എക്സ്പ്രസ് എത്തിയപ്പോള്‍ നിരോധിത ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്നു സാധനങ്ങള്‍ പിടിച്ചെടുത്ത് റെയില്‍വേ സ്റ്റേഷനിലേയ്ക്കു മാറ്റി. ട്രെയിനില്‍ വന്‍ തോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിക്കൊണ്ടു വരുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. തമിഴ്നാട്ടില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തിലെത്തിക്കുന്ന ഈ പുകയില ഉത്പന്നങ്ങള്‍ വന്‍ വിലയ്ക്കാണ് വില്‍ക്കുന്നത്. ഒരു പാക്കറ്റിന് രണ്ടു രൂപ മാത്രമാണ് തമിഴ്നാട്ടില്‍ വില. ഇത് കേരളത്തില്‍ നാല്‍പ്പത് അന്‍പത് രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

