കോടിക്കല്‍ എ.എം.യു.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു
കൊയിലാണ്ടി: കോടിക്കല്‍ എ.എം.യു.പി. സ്കൂളിലെ 10 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വിഷബാധയേറ്റ കുട്ടികള്‍ മേലടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി. ഇതില്‍ രണ്ടുപേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
6-c ക്ലാസിലെ മുഹമ്മദ് ഇജാസ് (11), നഫ് ല(12), സഫ്ന ഷെറില്‍ (11), നജാ ഫാത്തിമ (12), അഹ് മദ് യാസിന്‍ (12), ഷബാസിയ (11), നസ്റുന്നീസ (11), ആയിഷ നിദ (9), മുഹമ്മദ് ഇര്‍ഫാന്‍ (11), നൗറിന്‍ മുജീബ് (I2) എന്നിവരെയാണ് മേലടി സി.എച്ച്.സി.യില്‍ പ്രവേശിപ്പിച്ചത്. യാസിന്‍, നജാ ഫാത്തിമ എന്നീ വിദ്യാര്‍ഥികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സ്കൂളിന് സമീപത്തെ കടകളില്‍നിന്ന് ത്രീഡി ചൂയിംഗം, ടൈംബോംബ് എന്നീ പേരിലുള്ള മിഠായി, ബിസ്കറ്റ് എന്നിവയാണ് കുട്ടികള്‍ കഴിച്ചതെന്ന് പറയുന്നു. ഏതില്‍നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടില്ല. കുട്ടികള്‍ക്ക് ക്ഷീണം, ഉറക്കം വരുന്ന അവസ്ഥ, ഛര്‍ദി എന്നിവയാണ് അനുഭവപ്പെട്ടത്.

കെ. ദാസന്‍ എം.എല്‍.എ., മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ആശുപത്രിയിലെത്തി. ഷീജ പട്ടേരിയുടെ നേതത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സമീപത്തെ കട പരിശോധിച്ചു.

