കോടതി വളപ്പില്‍ പൊട്ടിത്തെറി

കൊല്ലം: കൊല്ലത്ത് മുന്‍സിഫ് കോടതി വളപ്പില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഒരു കേസുമായി ബന്ധപ്പെട്ട് മുന്‍സിഫ് കോടതിയില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുണ്ടറ മുളവങ്ങ സാബുവിനാണ് പരിക്കേറ്റത്. പൊട്ടിത്തെറിച്ച ചീളുകള്‍ തറച്ചാണ് സാബുവിന്റെ മുഖത്ത് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 10.50 മണിയോടെ കോടതിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് തൊട്ടുമുമ്ബായിരുന്നു പൊട്ടിത്തെറി.കോടതി സ്ഥിതി ചെയ്യുന്ന കലക്ടറേറ്റില്‍ ജില്ലാ ലേബര്‍ ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ലേബര്‍ വകുപ്പിന്റെ പഴയ ജീപ്പില്‍ (കെ.എല്‍1 ജി 603) സ്ഥാപിച്ച ടൈമര്‍ വച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ബോംബിന്റെ അവശിഷ്ടങ്ങളും വയറുകളും ചീളുകളും പോലീസ് കണ്ടെടുത്തു.
പൊട്ടിത്തെറിയെ തുടര്‍ന്ന് ഉഗ്രശബ്ദത്തില്‍ തീഗോളം ഉയര്‍ന്നതായും വെടിമരുന്നിന്റെ ഗന്ധം പരന്നതായും ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്നു ദിവസം മുമ്ബാണ് ജീപ്പ് ഇവിടെ നിര്‍ത്തിയിട്ടത്. സ്ഫോടനത്തില്‍ ജീപ്പിന് കേടുപാട് പറ്റി. ജില്ലാ കലക്ടര്‍ ഷൈന മോള്‍, സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനു എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഭീതി പടര്‍ത്തുക എന്ന ലക്ഷ്യത്തോടെ വളരെ ആസൂത്രിതമായി നടത്തിയതാണ് പൊട്ടിത്തെറിയെന്നാണ് പോലീസ് നിഗമനം. സ്ഫോടനം നടക്കുന്ന അവസരത്തില്‍ ജീവനക്കാരും കോടതിയില്‍ എത്തിയവരുമടക്കം നിരവധി പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു.

