കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം ഏറ്റവും ഭംഗിയായി നടത്തുo : ഉമ്മന്‍ ചാണ്ടി

തൃശൂര്‍ > കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം ഏറ്റവും ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുരക്ഷാ മാനദണ്ഡങ്ങളും കോടതി നിര്‍ദേശവും കര്‍ശനമായി പാലിക്കും. പതിവുപോലെ ആനയെഴുന്നെള്ളത്ത് പൂരത്തിനുണ്ടാകും. എഴുന്നെള്ളത്തിനുള്ള മാനദണ്ഡവും നടപ്പാക്കും. നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണം.
തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ഇരു ദേവസ്വങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തൃശൂരില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ട് വെള്ളിയാഴ്ച നടക്കും. കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും വെടിക്കെട്ട്. വെടിക്കെട്ട് നടത്താന്‍ ശബ്ദനിയന്ത്രണം പാലിക്കുന്നവെന്ന കാര്യം കര്‍ശനമായി വിലയിരുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപെട്ട് 2007 ലെ സുപ്രീംകോടതി ഉത്തരവ് പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തൃശൂര്‍ പൂരം വെടിക്കെട്ട് ഉള്‍പെടെ നടത്താന്‍ വ്യഴാഴ്ച വൈകിട്ടാണ് ഹൈക്കോടതി ഉപാധികളോടെ ഇളവനുവദിച്ചത്. പൂരം തൃശൂരിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഉപാധികളോടെ പൂരം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. അതിനിടെ കൊല്ലം പരവൂറില്‍ ഉണ്ടായ വെടിക്കെട്ടപകടത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് തിരുവമ്പാടി –പാറമേക്കാവ് ദേവസ്വങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ നല്കി.

