കോംഗോയില്‍ എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
കിന്‍ഷസ: വിനാശകാരിയായ എബോള വൈറസ് ബാധ കോംഗോയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോംഗോ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
വടക്ക് പടിഞ്ഞാറന്‍ കോംഗോയുടെ ബിക്കോരോ പ്രവിശ്യയില്‍ മരിച്ച അഞ്ചു പേരുടെ രക്തസാമ്ബിളുകളില്‍ രണ്ടെണ്ണത്തില്‍ എബോള സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ 17 മരണം ഉള്‍പ്പെടെ ഇരുപതോളം കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എബോള വൈറസ് ബാധ നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്, മേഖലയില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും സാഹചര്യം വിലയിരുത്താന്‍ വിദഗ്ധസംഘത്തെ മേഖലയിലേക്ക് അയച്ചതായും കോംഗോ ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. എബോള സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ഒരു മില്ല്യണ്‍ ഡോളര്‍ അടിയന്തര ധനസഹായമായി കോംഗോയ്ക്ക് അനുവദിച്ചു.

2014-15 വര്‍ഷം പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള ബാധയെ തുടര്‍ന്ന് പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. കോംഗോയിലെ ഗ്വിനിയ, സിയേറ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളിലായിരുന്നു എബോള പടര്‍ന്നത്.




