KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവം: മാർച്ച് 23ന് കൊടിയേറും

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവം 2018 മാർച്ച് 23ന് കൊടിയേറും. വൈവിധ്യ സമ്പൂർണ്ണവും ആനന്ദസന്ദായകവുമായ ആചാരാനുഷ്ഠാനങ്ങളും ക്ഷേത്ര ക്ഷേത്രേതര കലകളും ശ്രീ പിഷാരികാവ് ക്ഷേത്രോത്സവത്തിന്റെ പൊലിമ വർദ്ധിപ്പിക്കുന്നു. താളമേളങ്ങളുടെയും രാഗലയങ്ങളുടെയും തുയിലുണർത്തി കലാപാരമ്പര്യത്തിന്റെ മഹിമ വിളംബരം ചെയ്യുന്ന ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, തായമ്പക, സോപാനസംഗീതം, കേളിക്കൈ, കുഴൽപറ്റ്, കൊമ്പുപറ്റ്, നാദസ്വരം, പഞ്ചവാദ്യം, ദേവീസ്തവങ്ങൾ എന്നിവ ഇവിടെ അരങ്ങേറുന്നു.

നെറ്റിപ്പട്ടം ചാർത്തിയ ഗജവീരൻമാർ, കൊടിതോരണങ്ങൾ, മുത്തുക്കുടകൾ, ആലവട്ടങ്ങൾ, വെൺ ചാമരങ്ങൾ, വിവിധ വാദ്യമേളങ്ങൾ, അഴകോൽക്കളി, കുംഭാട്ടം, കാവടിയാട്ടം, കരടിവേഷങ്ങൾ, താലപ്പൊലി, കരിമരുന്ന് പ്രയോഗങ്ങൾ തുടങ്ങിയ നയനമനോഹരമായ കാഴ്ചവട്ടങ്ങളുമായി ക്ഷേത്രസന്നിധിയിലേക്ക് വരവുകൾ ഒഴുകിയെത്തുമ്പോൾ നാനാത്വത്തിൽ ഏകത്വത്തിന്റെ നേർകാഴ്ചയായി ക്ഷേത്രപരിസരം മാറുന്നു. തലയെടുപ്പുള്ള ഗജവീരന്മാരുടെ അകമ്പടിയോടെ, സ്വർണ്ണ നെറ്റിപ്പട്ടം ചാർത്തിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം എഴുന്നള്ളിച്ചുകൊണ്ട് ഏറെ വിദഗ്ദ്ധരും പ്രശസ്തരുമായ മേളക്കാർ ചെണ്ടയിൽ വിരിയിച്ചെടുക്കുന്ന
രണ്ടുപന്തി പഞ്ചാരിമേളത്തോടൊപ്പവും മറ്റു വാദ്യമേള സംഗീത ധ്വനിയുടെയും, പശ്ചാത്തലത്തിൽ വർണ്ണ പ്രപഞ്ചമൊരുക്കുന്ന കരിമരുന്ന് പ്രയോഗത്തോടെയും നടത്തുന്ന കാവിലമ്മയുടെ എഴുന്നെള്ളത്തോടു കൂടിയ വലിയ വിളക്കുത്സവവും പാണ്ടിമേളം, ആയിരത്തിരി ചൊരിയൽ, കലശം വരവ്, ക്ഷേത്രപാലകൻ തിറ, മുന്നൂറ്റന്റെ വീര ഭദ്രൻ തിറ, ഊരുചുറ്റലെഴുന്നള്ളത്ത്, തെയ്യംപാടിക്കുറുപ്പിന്റെ നൃത്തം എന്നിവയാൽ സമ്പന്നമായ കാളിയാട്ടവും നൽകുന്ന നിർവൃതി അവാച്യവും അനുപമവുമാണ്.

  • മാർച്ച് 23 വെള്ളി (ഒന്നാം ദിവസം): പുലർച്ചെ 4.30ന് : പള്ളിയുണർത്തൽ, തുടർന്ന് കൊയിയേറ്റം, ശീവേലിക്കുശേഷം
    കൊല്ലം ശ്രീ കൊണ്ടാടുംപടി ക്ഷേത്രത്തിൽ നിന്നും ആദ്യ അവകാശവരവ് ശ്രീ പിഷാരികാവിൽ എത്തുന്നു. ശേഷം കുന്ന്യോറമല ഭഗവതിക്ഷേത്രം, കുട്ടത്തുകുന്ന്, പണ്ടാരക്കണ്ടി, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തിസാന്ദ്രമായ വരവുകൾ ക്ഷേത്രസന്നിധിയിൽ പ്രവേശിക്കുന്നു. 1.30ന് മദ്ധ്യാഹ്നപൂജ, വൈകീട്ട് കാഴ്ചശീവേലി, രാത്രി 7 മണിക്ക് കരിമരുന്ന് പ്രയോഗം, രാത്രി 7.30 ന് ഗാനമേള ഓൾഡ് ഈസ് ഗോൾഡ്.
  • മാർച്ച് 24 ശനി (രണ്ടാം ദിവസം): രാത്രി 7 ന് തായമ്പക, 8. 45 ന് അഷ്ടപദിയാട്ടം.
  • മാർച്ച് 25 ഞായർ (മൂന്നാം ദിവസം): രാവിലെ 10. 30 ന് ഭജനാമൃതം, രാത്രി 7 ന് തായമ്പക. 7.30 ന് ഭരതനാട്യം.
  • മാർച്ച് 26 തിങ്കൾ (നാലാം ദിവസം); രാത്രി 7 മണിക്ക് തായമ്പക, 8 മണിക്ക് നാടകം.
  • മാർച്ച് 27 ചൊവ്വ (അഞ്ചാം ദിവസം); രാത്രി 7 മണിക്ക് തായമ്പക. 7.30 ന് ചലച്ചിത്ര സംഗീത സംവിധായകൻ ശരത് അവതരിപ്പിക്കുന്ന സംഗീതകച്ചേരി.
  • മാർച്ച് 28 ബുധൻ (ആറാം ദിവസം): കോമത്ത്‌പോക്ക്, വൈകീട്ട് 4.മണിക്ക് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളസമേതമുള്ള കാഴ്ചശീവേലി, രാത്രി 7.30 ന് പ്രശസ്ത പിന്നണി ഗായകൻ ഐഡിയ സ്റ്റാർ സിംങർ നിഖിൽരാജ് & മഞ്ജുഷ എന്നിവർ നയിക്കുന്ന ഗാനമേള.
  • മാർച്ച് 29 വ്യാഴം ഏഴാം ദിവസം (വലിയവിളക്ക്): കാലത്ത് മന്ദമംഗലത്ത് നിന്നുള്ള ഇളനീർക്കുലവരവ്, വസൂരിമാല വരവ്, വൈകുന്നേരം 3 മണി മുതൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർക്കുലവരവുകൾ, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ്, കൊല്ലന്റെ തിരുവായുധം വരവ് മറ്റ് അവകാശ വരവുകളും ക്ഷേത്രാങ്കണത്തിലെത്തിച്ചേരുന്നു, രാത്രി 7.15ന് ഗസൽസന്ധ്യ. രാത്രി 11 മണിക്കുശേഷം പുറത്തെഴുന്നള്ളിപ്പ്. സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം രണ്ടുപന്തിമേളത്തോടെ പുറത്തെഴുന്നള്ളിച്ച് ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞ് പുലർച്ചെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വാളകം കൂടുന്നു.
  • മാർച്ച് 30 വെള്ളി എട്ടാംദിവസം (കാളിയാട്ടം): പുറത്തെഴുന്നള്ളിപ്പ് പാലച്ചുവട്ടിലേക്ക് നീങ്ങി ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം വിദഗ്ദ്ധരായമേളക്കാരുടെ പാണ്ടിമേളത്തിനുശേഷം ക്ഷേത്ര കിഴക്കെ നടയിലൂടെ ഊരുചുറ്റാനിറങ്ങി നിശ്ചിത സ്ഥലങ്ങളിലൂടെ ക്ഷേത്രത്തിലെത്തി രാത്രി 9. 57ന് ശേഷം 11 .47 നുള്ളിൽ വാളകം കൂടുന്നു.
Share news

Leave a Reply

Your email address will not be published. Required fields are marked *