കൊല്ലം പിഷാരികാവിൽ വ്യാഴാഴ്ച വലിയ വിളക്ക്

കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ വലിയ വിളക്ക് നാളെ. വെള്ളിയാഴ്ച കാളിയാട്ടത്തോടെ മഹോത്സവത്തിന് സമാപനം കുറിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വൈവിധ്യമാർന്ന ക്ഷേത്രച്ചടങ്ങുകളുടെ ദൃശ്യപ്പെരുമയിൽ ക്ഷേത്രസന്നിധി ഭക്തി സാന്ദ്രമാവും.
വ്യാഴാഴ്ച കാലത്ത് മന്ദമഗലത്ത് നിന്നുള്ള ഇളനീർക്കുല വരവ്, വസൂരി മാലവരവ് എന്നിവ ക്ഷേത്ര സന്നിധിയിലെത്തുന്നതോടെ വലിയ വിളക്കിന് തുടക്കമാകും. വൈകീട്ട് താലൂക്കിന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അവകാശ വരവുകൾ, ഇളനീർ കുലവരവുകൾ എന്നിവ ക്ഷേത്രത്തിലെത്തും. രാത്രി 12-ഓടെ സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം പുറത്തെഴുള്ളിക്കും.

നിരവധി വാദ്യ വിദ്വാന്മാരുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ രണ്ട് പാണ്ടിമേള സമേതം ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞ് പുലർച്ചെ വാളകം കൂടും. കാളിയാട്ട ദിനമായ വെള്ളിയാഴ്ച
വൈകീട്ട് കൊല്ലം അരയൻറ്റെയും വേട്ടു വരുടേയും തണ്ടാൻറ്റെയും വരവുകൾ ക്ഷേത്രത്തിലെത്തും.

തുടർന്ന് പുറത്തെഴുന്നെളളിപ്പ് പാലച്ചുവട്ടിലേക്ക് നീങ്ങി ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം സദനം രാജേഷ് മാരാരുടെ നേതൃത്വത്തിൽ വിദഗ്ദ വാദ്യവിദ്വാന്മാരുടെ പാണ്ടിമേളമൊരുക്കി ക്ഷേത്ര ക്കിഴക്കെ നടയിലൂടെ ഊരുചുറ്റാനിറങ്ങി നിശ്ചിത സ്ഥലങ്ങളിലുടെ തിരിച്ചെത്തി 11.47-ഓടെ വാളകം കൂടും. കരിമരുന്ന് പ്രയോഗത്തോടെ കാളിയാട്ടത്തിന് സമാപനമാകും.

