കൊല്ലം ടൗണിലെ മത്സ്യ മാർക്കറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ക്ഷേത്ര പരിപാലന സമിതി

കൊയിലാണ്ടി: കൊല്ലം ടൗണിലെ മത്സ്യ മാർക്കറ്റ് അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് കൊണ്ടാടും പടി ക്ഷേത്ര പരിപാലന സമിതി ആവശ്യപ്പെട്ടു. പിഷാരികാവ് ക്ഷേത്രത്തിന്റെ അനുബന്ധ ക്ഷേത്രമായ കൊണ്ടാടും പടി ദേവീ ക്ഷേത്രം കൊല്ലം മത്സ്യ മാർക്കറ്റിന് സമീപത്താണ് പ്രവർത്തിക്കുന്നത്. മാർക്കറ്റിന്റെ ദുർഗ്ഗന്ധ പൂരിതവും മലീമസവുമായ അന്തരീക്ഷം ക്ഷേത്ര പരിശുദ്ധിയെ ബാധിക്കുന്നു എന്നാണ് ഇവരുടെ ആരോപണം.
നഗരസഭയുടെ ലൈസൻസോ വില്പനാനുമതിയോ ഇല്ലാതെ അനധികൃതമായാണ് മാർക്കറ്റ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മത്സ്യ മാർക്കറ്റിന് അത്യാവശ്യം വേണ്ട മലിനീകരണ നിയന്ത്രണ നടപടികളോ ശുചീകരണ സംവിധാനമോ ഏർപ്പെടുത്തിയിട്ടില്ല. വെളിച്ചം, വെള്ളം, ഡ്രെയിനേജ്, ശൗചാലയം, ഇവയൊന്നും ഏർപ്പെടുത്തതെയാണ് പ്രവർത്തനം തുടരുന്നത്.ദുർഗ്ഗന്ധം വമിക്കുന്ന അന്തരീക്ഷത്തിലാണ് ക്ഷേത്ര കർമ്മങ്ങൾ പോലും നടത്തേണ്ടി വരുന്നത്. പലപ്പോഴും മാർക്കറ്റിലെ അവശിഷ്ടങ്ങൾ ക്ഷേത്രപരിസരങ്ങളിൽ പോലും കാണപ്പെടാറുണ്ട്. ഇത് സംബന്ധിച്ച് 2013-ൽ പൊലീസിൽ പരാതി നൽകിയിരുന്നു. അന്നത്തെ നഗരസഭാ ചെയർപേഴ്സൺ ഇടപെട്ടതിനെ തുടർന്ന് ആറ് മാസത്തിനകം മാർക്കറ്റ് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നു ഉറപ്പു നൽകുകയുണ്ടായി.

ക്ഷേത്രപരിസരത്ത് പുതിയ കിണർ നിർമ്മിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. എന്നാൽ മാർക്കറ്റിന് സമീപത്തെ ഓവുചാലിൽ മലിനജലം കെട്ടിക്കിടക്കുന്നതിനാൽ കിണറിലെ ജലം മലിനമാകാനിടയുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് നിവേദനം നൽകുകയുണ്ടായി. തുടർന്ന് നഗരസ ചെയർമാൻ അഡ്വ: കെ. സത്യൻ വിളിച്ചു ചേർത്ത ബന്ധപ്പെട്ടവരുടെ

യോഗത്തിൽ മാർക്കറ്റിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ താല്കാലികമായി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ക്ഷേത്ര കമ്മിറ്റി സ്ഥലം കണ്ടെത്തിയിട്ടും മാർക്കറ്റ് മാറ്റാൻ നടപടിയുണ്ടായില്ല. ഇന്ന് ചേരുന്ന സർവ്വകക്ഷി യോഗത്തിൽ പ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടിയുണ്ടാകണമെന്നതാണ് ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യം.

അതേ സമയം മത്സ്യമാർക്കറ്റ് നിലവിൽ വന്ന് വർഷങ്ങൾ കഴിഞ്ഞതിന് ശേഷമാണ് അവിടെ ക്ഷേത്രം ഉണ്ടാക്കിയതെന്നും അന്നുണ്ടാവാത്ത പ്രശ്നം ഇപ്പോൾ എങ്ങിനെ ഉണ്ടായി എന്ന് പരിശോധിക്കണമെന്ന് പ്രദേശവാസികളിൽ ചിലർ പറയുന്നു.
