കൊരയങ്ങാട് മഹാഗണപതി ക്ഷേത്രത്തിൽ വലിയവട്ടളം ഗുരുതി മഹോത്സവം

കൊയിലാണ്ടി : കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ വലിയ വട്ടളം ഗുരുതിമഹോൽസവം ജനുവരി 27 ന് ആരംഭിച്ച് 29ന് സമാപിക്കും. ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 27 ന് ക്ഷേത്രം തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെയും, ക്ഷേത്രമേൽശാന്തി ശംഭു നമ്പൂതിരിയുടെയും നേതൃത്വത്തിൽ മഹാഗണപതിഹോമത്തോടെ തുടക്കമാവും.
തുടർന്ന് കലവറ നിറയ്ക്കൽ. ഭഗവതി ക്ഷേത്രത്തിനു മുന്നിൽ പുതിയതായി നിർമ്മിച്ച ക്ഷേത്ര കവാട സമർപ്പണം ക്ഷേത്രം തന്ത്രി നിർവ്വഹിക്കും. രാത്രി 7 മണിക്ക് സംഗീത സംവിധായകൻ രവീന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിയ രവീന്ദ്രസംഗീതം, ഗാനമേള. 28 ന് കാലത്ത് കാർഷിക ജൈവ വൈവിധ്യ പ്രദർശനം, വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനം, കാർഷിക വിളകളുടെ പ്രദർശനം, കാർഷികയന്ത്രങ്ങളുടെ പ്രദർശനം, രൂപേഷ് കൊരയങ്ങാടിന്റെ ഈർക്കിൾ കൊണ്ട് തീർത്ത കൗതുക വസ്തുക്കളുടെ പ്രദർശനം, കെയ്ക്കോ കോഴിക്കോടിന്റെ ആധുനിക കാർഷികയന്ത്രങ്ങളുടെ പ്രദർശനം, വിവിധ ജനുസ്സിൽപ്പെട്ട കന്നുകാലികളുടെ പ്രദർശനം, തുടങ്ങിയവ പ്രദർശനത്തിൽ ഉണ്ടായിരിക്കും.

രാത്രി 7 മണിക്ക് പ്രബീഷ് കൊരയങ്ങാട്, വിഷ്ണു കൊരയങ്ങാട് എന്നിവരുടെ തായമ്പക, രാത്രി 9.30 ന് കൊരയങ്ങാട് വാദ്യസംഘത്തിന്റെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെയുള്ള വില്ലെഴുന്നള്ളിപ്പ് 29ന് കാലത്ത് തുലാഭാരം ഉച്ചയ്ക്ക് ഒരു മണിക്ക് ഗുരുതി തർപ്പണത്തോടെ ഗുരുതി മഹോൽസവം സമാപിക്കും,

