കൊയിലാണ്ടി SARBTM ഗവ: കോളജില്‍ പുതിയ കോഴ്സ് അനുവദിച്ച് ഉത്തരവായി
കൊയിലാണ്ടി: എസ്. എ.ആര്.ബി.ടി.എം ഗവ. കോളജില്‍ പുതിയ ബിരുദ കോഴ്സ് അനുവദിച്ചതായി കെ.ദാസന് എം.എല്‍.എ അറിയിച്ചു. ബി.എസ്.സി മാത്തമാറ്റിക്സ് വിഷയത്തിലാണ് പുതിയ കോഴ്സ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് പുതിയ കോഴ്സ് ഇപ്പോള്‍ അനുവദിച്ചുത്തരവായിരിക്കുന്നത്.
കോഴ്സുകള്‍ അനുവദിക്കുന്നതിനായി എം.എല്‍.എ യുടെ നേൃത്വത്തില്‍ കോളജ് അധികൃതരും പി.ടി.എ ഭാരവാഹികളും നിരവധിയായ നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഏറ്റവും ഒടുവില്‍ കോളജിലെ അക്കാദമിക് ബ്ലോക്ക് തറക്കല്ലിടലിനായി കോളജിലെത്തിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പുതിയ കോഴ്സ് അനുവദിക്കുമെന്ന് എം.എല്‍.എക്കും അധ്യാപകര്‍ക്കും ഉറപ്പ് നൽകിയിരുന്നു.


പുതിയ കോഴ്സിലേക്കുള്ള പ്രവേശനം ഇപ്പോഴത്തെ ബിരുദ കോഴ്സുകളുടെ പ്രവേശനത്തോടൊപ്പം തന്നെ ഉടന്‍ ആരംഭിക്കുന്നതാണ്. ഭൗതിക വികസന രംഗത്ത് 25 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കോളജില്‍ നടന്നു വരുന്നത്. കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ നടന്നു വരുന്ന ഈ ഭൗതിക വികസനത്തോടൊപ്പം അക്കാദമിക് രംഗത്ത് പുതിയ കോഴ്സുകള്‍ അനുവദിക്കാത്തത് നാക് അക്രഡിറ്റേഷന് പോലുള്ള യു.ജി.സി ഗ്രേഡിംഗ് ലഭിക്കുന്നതിന് വിലങ്ങുതടിയായി നിന്നിരുന്നു. 3 പുതിയ കോഴ്സുകള്ക്കായിരുന്ന സര്‍ക്കാരിനെ സമീപിച്ചിരുന്നതെന്ന് എം.എല്‍.എ പറഞ്ഞു.

ഇപ്പോള്‍ ഒന്നാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ എണ്ണം അനുവദിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധേയമായ ഭൗതിക വികസനത്തോടൊപ്പം പുതിയ കോഴ്സുകള്‍ കൂടി എത്തുന്നതോടെ മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ കോളജ് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളനായി തയ്യാറെടുക്കുകയാണ്.




