KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി GVHSS അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടറായി 

കൊയിലാണ്ടി: ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ  അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടറായി. പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി ഗവ.സ്‌കൂളുകളുടെ ഭൗതിക പശ്ചാത്തല സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കേരളത്തിലെ ഓരോ മണ്ഡലത്തിലെയും ഒരോ സ്‌കൂളിനെ വീതം തെരെഞ്ഞെടുത്തിരുന്നു.
കൊയിലാണ്ടി മണ്ഡലത്തില്‍ എം.എല്‍.എ ശുപാര്‍ശ ചെയ്ത കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് കിഫ്ബി വഴി ആദ്യഘട്ടത്തില്‍ 5 കോടി രൂപ അനുവദിച്ച് ഭരണാനുമതിയും സാമ്പത്തികാനുമതിയും ലഭ്യമായത്.  കിഫ്ബി വഴി അനുവദിക്കപ്പെടുന്ന പദ്ധതികളുടെ നടത്തിപ്പ്‌ സര്‍ക്കാര്‍ രൂപീകരിച്ച കൈറ്റ് എന്ന കമ്പനി വഴിയാണ് പദ്ധതിയുടെ രൂപരേഖയും ടെണ്ടര്‍ അടക്കമുള്ള പ്രവര്‍ത്തികളും നടക്കുന്നത്.
സ്‌കൂളില്‍ നേരെത്തെ തന്നെ 22 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ.ഓപറേറ്റീവ് സൊസൈറ്റി മുഖേന തയ്യാറാക്കിയിരുന്നു.  കിഫ്ബിക്ക് സമര്‍പ്പിച്ച 7.24 കോടിരൂപയുടെ പ്ലാനിലാണ് കിറ്റ്‌കൊയുടെ പരിശോധന കഴിഞ്ഞ് ഇപ്പോള്‍ 5 കോടിരൂപ അനുവദിച്ചിരിക്കുന്നത്.  നേരെത്തെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ വകുപ്പില്‍ നിന്നും തുക അനുവദിച്ചു കൊണ്ട് ഈ കെട്ടിടവും മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ടതിനാല്‍ ഈ തുക കൂടി ഇപ്പോള്‍ കിഫ്ബി വഴി നടപ്പാക്കുന്ന പ്ലാനില്‍ ഉള്‍ക്കൊള്ളിക്കാന്‍ എം.എല്‍.എ വിദ്യാഭ്യാസ മന്ത്രിക്കും ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം വിഭാഗത്തിനും കത്ത് നല്‍കിയിട്ടുണ്ട്‌. ഇത് കൂടി ലഭിക്കുന്നതോടെ 7.24 കോടി രൂപയുടെ അംഗീകരിക്കപ്പെട്ട പ്ലാനിലുള്ള മുഴുവന്‍ പ്രവൃത്തിയും നടപ്പാകും.
ഇപ്പോള്‍ ആദ്യഘട്ടം അനുവദിച്ച 5 കോടിരൂപയുടെ പ്രവൃത്തി ടെണ്ടർ ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്.  കിറ്റ്‌കൊ, വാപ്‌കോസ്  തുടങ്ങിയ രണ്ട് കൺസൾട്ടൻസി കമ്പനികള്‍ മുഖേനയാണ് കൈറ്റ് ഈ പദ്ധതി നടപ്പിലാക്കുന്നത്.  ഇതില്‍ കിറ്റ്‌കോ കിഫ്ബിയിലേക്ക് സമര്‍പ്പിക്കുന്ന പ്രവൃത്തികളുടെ ഡിസൈന്‍ അടക്കമുള്ളകാര്യങ്ങള്‍ പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി പദ്ധതിക്ക് അന്തിമ രൂപരേഖ നല്‍കുന്നു.  വാപ്‌കോസ് എന്ന കേന്ദ്ര മിനിരത്‌ന പൊതുമേഖലാ സ്ഥാപനമാണ് പദ്ധതിയുടെ പ്രവൃത്തി നടക്കുന്ന സൈറ്റില്‍ വന്ന് പരിശോധിക്കുകയും വേ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത്.
നേരെത്തെ പൂര്‍ണ്ണമായും കെ.ദാസന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫില്‍ നിന്നും പണം ചെലവഴിച്ച് നിര്‍മ്മിച്ച ജസ്റ്റിസ്. വി.ആര്‍.കൃഷ്ണയ്യര്‍ സ്മാരക പ്ലസ്ടു ബ്ലോക്കിന്റെ രണ്ടാം നിലയുടെ പ്രവൃത്തിയും, അതിനടുത്തായി പുതിയ യു.പി സ്‌കൂള്‍ ബ്ലോക്കിന്റെ നിര്‍മ്മാണവുമാണ് ആദ്യഘട്ടത്തില്‍ നടക്കുക.  പഴയ ചില കെട്ടിടങ്ങള്‍ പൊളിച്ചു കൊണ്ടാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മിക്കുന്നത്.  ഇത് പൊളിച്ചു നീക്കാനായി നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
 ദേശീയ പാതയിലേക്ക് തുറക്കുന്ന രീതിയിലാണ് സ്‌കൂളിലേക്കുള്ള പ്രധാന കവാടം നിലവില്‍ വരിക.  ഈ ടവര്‍ ഗേറ്റും ചുറ്റുമതിലും നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് എം.എല്‍.എ യുടെ ആസ്തിവികസന നിധിയില്‍ നിന്ന് അനുവദിക്കുന്നതാണ്. കൊയിലാണ്ടിയിലെ ചരിത്രപ്രാധാന്യമുള്ള വിദ്യാലയത്തിന്റെ മുഖച്ഛായ തന്നെ മാറുന്ന പ്രവൃത്തികള്‍ക്കാണ് ഇപ്പോള്‍ തുടക്കമാകുന്നത്.  സ്‌കൂളിലെ ഭൗതികപശ്ചാത്തല സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന തരത്തിലുള്ള മാസ്റ്റര്‍പ്ലാനിനനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം തന്നെ പൂര്‍ത്തിയാകുന്നതാണെന്ന്‌ എം.എൽ.എ അറിയിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *