കൊയിലാണ്ടി സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക്

കൊയിലാണ്ടി > സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം ഫുട്ബോളിനും മറ്റ് കായിക പരിശീലനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയുന്നരീതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധ്യത തെളിയുന്നു. ഇതിന്റെ മുന്നോടിയായി കെ. ദാസന്‍ എംഎല്‍എയും, നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യനും, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. ജെ. മത്തായിയും, സെക്രട്ടറി പ്രേമന്‍ തറവട്ടത്തും തിങ്കളാഴ്ച കൊയിലാണ്ടി സ്റ്റേഡിയത്തില്‍ പരിശോധന നടത്തി.
സ്റ്റേഡിയത്തില്‍ നിലവിലുള്ള പോരായ്മകള്‍ പരിഹരിച്ച് കായികതാരങ്ങള്‍ക്കും ഫുട്ബോള്‍ പരിശീലനത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനമായി. പരിശീലനത്തിന് വരുന്ന പെണ്‍കുട്ടികള്‍ക്ക് വസ്ത്രം മാറാനുള്ള പ്രത്യേക മുറികള്‍ സൗകര്യപ്പെടുത്തും. സ്റ്റേഡിയത്തിലെ മുഴുവന്‍ ടോയ്‌ലറ്റുകളും ഉപയോഗയോഗ്യമാക്കും. തകര്‍ന്ന മുഴുവന്‍ ഗെയ്റ്റുകളും പുതുക്കിപ്പണിയും.

പന്തുകൾ ഗ്രൌണ്ടിന് പുറത്തേക്ക് പോകുന്നതു തടയാന്‍ ചുറ്റു മതിലിന് മുകളിൽ ഇരുമ്പ് നെറ്റുകള്‍ നിര്‍മിക്കും. മൈതാനത്തിലെ ഓവുചാല്‍ സംവിധാനം പുതുക്കിപ്പണിയും. മൈതാനത്ത് മണ്ണിട്ടതിലെ അശാസ്ത്രീയത ഒഴിവാക്കാന്‍ പരിശോധന നടത്തി മാറ്റങ്ങള്‍ വരുത്തും. മൈതാനം പുല്ലുവച്ചുപിടിപ്പിക്കല്‍ അടക്കമുള്ള മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ കായിക പ്രേമികളും കായികതാരങ്ങളടക്കമുള്ളവരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്ന നിര്‍ദേശവും വന്നിട്ടുണ്ട്.

