KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ശ്രദ്ധ ഓഡിറ്റോറിയത്തിൽ സിത്താര നിതിൻ്റെ ചിത്ര പ്രദർശനം

കൊയിലാണ്ടി: വിശ്വോത്തര സാഹിത്യവും കലയുമൊക്കെ പിറവി കൊണ്ടത് സ്പാനിഷ് ഫ്ലൂ, പ്ളേഗ്, വസൂരി പോലുള്ള മഹാമാരികളുടെ കാലത്താണന്നത് ചരിത്രത്തിലെ വിരോധാഭാസമായി തോന്നാമെങ്കിലും അതൊരു യാഥാർത്ഥ്യം തന്നെയാണെന്ന് പ്രശസ്ത ചിത്രകാരൻ പോൾ കല്ലാനോട് പറഞ്ഞു. കൊയിലാണ്ടി ശ്രദ്ധ ഓഡിറ്റോറിയത്തിൽ സിത്താര നിതിൻ്റെ സോളോ പെയ്ൻ്റിംഗ് പ്രദർശനം ചിത്രം വരച്ച് ഉദ്ഘാടനം ചെയ്ത് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലവും ചരിത്രത്തിൽ അടയാളപ്പെടുക ഈ വിധത്തിൽ തന്നെയായിരിക്കും. “രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു” എന്ന് പറയുന്ന പോലെ, രണ്ട് പേർ സംസാരിക്കുമ്പോഴും ലോകം മാറുന്നുണ്ട്. സംഭാഷണങ്ങളും കൂടിച്ചേരലുകളും വിലക്കപ്പെടുമ്പോൾ സാഹിത്യവും കലയും പകരം വെക്കപ്പെടുന്നുണ്ട്. ഒരു പക്ഷേ സരിതയേപ്പോലൊരു ചിത്രകാരി കലയുടെ ചക്രവാളങ്ങളെ തൊട്ടുയരാനിടയാക്കിയതും ഒരു മഹാമാരിക്കലത്താണെന്നത് പ്രധാനം തന്നെയാണ്.

കാഴ്ച പലവിധത്തിലുണ്ട്. വർത്തമാനകാലത്ത് ഒരു പെണ്ണിൻ്റെ കാഴ്ചയിലൂടെ ലോകത്തെ കാണാൻ കഴിയുന്നത് വലിയ കാര്യമാണ്. കോവിഡ് കാലത്തും കുന്നുകുടിയ അപശകുനങ്ങൾക്കിടയിൽ  നിന്ന് പ്രതീക്ഷയുടെ പകലുകളെ കണ്ടെത്തുന്നവയാണ് സരിതാ നിതിൻ്റെ ചിത്രങ്ങൾ. അദ്ദേഹം പറഞ്ഞു. പ്രശസ്ത ചിത്രകാരനും കവിയുമായ യു.കെ.രാഘവൻ അദ്ധ്യക്ഷനായിരുന്നു. എൻ.വി.ബാലകൃഷ്ണൻ, കെ.ശാന്ത, റഹ്മാൻ കൊഴുക്കല്ലൂർ, ഷാജി കാവിൽ, നവീൻകുമാർ, എൻ.കെ.മുരളി എന്നിവർ സംസാരിച്ചു. സിതാര നിതിൻ നന്ദി പറഞ്ഞു. സായീ പ്രസാദ് ചിത്രകൂടം ക്യൂറേറ്റ് ചെയ്യുന്ന പ്രദർശനം ഫിബ്രവരി പത്ത് വരെ തുടരും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *