കൊയിലാണ്ടി മുത്താമ്പിയിലെ കോൺഗ്രസ്സ് കൊടിമരം പോലീസ് എടുത്തു മാറ്റി

കൊയിലാണ്ടി: മുത്താമ്പിയിലെ കോൺഗ്രസ്സ് കൊടിമരം പോലീസ് എടുത്തു മാറ്റി. ഏറെ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായിരുന്ന കൊടിമരമാണ് ഇന്ന് കാലത്ത് പോലീസിന്റെ സഹായത്തോടെ പി.ഡബ്ല്യു.ഡി അധികൃതർ ജെ.സി.ബി. ഉപയോഗിച്ച് പിഴുത് മാറ്റിയത്. കഴിഞ്ഞ മാസം പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി കൊടിമരത്തിൽ കരി ഓയൽ ഒഴിക്കുകയും ചുകപ്പ് പെയിന്റ് അടിക്കുകയും ചെയ്തതിന്റെ ഭാഗമായി സിപിഐ(എം) കോൺഗ്രസ്സ് സംഘർഷം ഉണ്ടാകുകയും പ്രദേശത്ത് ഹർത്താൽ ഉൾപ്പെടെ കടുത്ത പ്രതിഷേധവും നടന്നിരുന്നു.

തുടർച്ചയായി പ്രദേശത്ത് സമാധാനാന്തരീക്ഷം ഇല്ലാതായ പാശ്ചാത്തലത്തിലാണ് അധികൃതർ കൊടിമരം പിഴുത് മാറ്റിയത്. ബഹു. കേരള ഹൈക്കോേടതി ഉത്തരവിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതു സ്ഥലത്തുള്ള കൊടി തോരണങ്ങളും കാഴ്ച മറയ്ക്കുന്ന ഫ്ളെക്സ് ബോർഡുകളും വ്യാപകമായി എടുത്തു മാറ്റിയിരുന്നു. കൊയിലാണ്ടിയിലും പൊതു സ്ഥലത്തുള്ള നിരവധി കൊടിമരങ്ങൾ പോലീസ് സഹായത്തോടെ എടുത്തു മാറ്റിയെങ്കിലും അങ്ങിങ്ങായി പരാതിക്കിടയാക്കുംവിധം ചില സ്ഥലങ്ങളിലെ കൊടിതോരണങ്ങൾ എടുത്തു മാറ്റാത്തതിലുള്ള പ്രതിഷേധവും ഉണ്ടാകുകയുണ്ടായിരുന്നു. ഇത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. തുടർന്നാണ് ഇപ്പോൾ നടപടിയിലേക്ക് കടന്നത്. കൊയിലാണ്ടി എസ്.ഐ. എം.എൻ അനൂപിന്ർറെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു.


