KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മണ്ഡലത്തിൽ പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടന്നു

കൊയിലാണ്ടി: പ്രളയത്തിന്‌ശേഷം കൊയിലാണ്ടി മണ്ഡലത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ എം.എൽ.എ. കെ. ദാസൻ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തു. വെള്ളപ്പൊക്കം ഉണ്ടായ സമയങ്ങളിലും വരും നാളുകളിലും സ്വീകരിക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് അവലോകനയോഗം വിളിച്ചു ചേർത്തത്.
നിലവിലുണ്ടായ സാഹചര്യങ്ങളിൽ കൊയിലാണ്ടി മേഖലയിലാകെ വലിയതോതിലുള്ള ഏകോപനം ഉണ്ടാക്കാൻ സിധിച്ചതായും ദുരന്തത്തെ നേരിടാൻ റവന്യൂ, പോലീസ്, ഫയർ, കെ.എസ്.ഇ.ബി, ആരോഗ്യം, ജലസേചനം എന്നീ വകുപ്പുകളും അതാതിടങ്ങളിലെ നഗരസഭ, പഞ്ചായത്ത് ഭരണസമിതികളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ, യുവജന സംഘടനകൾ, മത്സ്യതൊഴിലാളികൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവയുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത മികവുറ്റ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് യോഗം വിലയിരുത്തി.
ചേമഞ്ചേരി ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം ഉൾപ്പെടെ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും മറ്റ് ജലജന്യ രോഗങ്ങൾ പടരാതിരി്കകാനുമുള്ള മുൻകരുതൽ സ്വീകരിക്കാനും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓരോ പഞ്ചായത്തുകളിലും നഗരസഭകളിലും ക്യാമ്പുകൾ തുറന്ന് രക്ഷപ്പെടുത്തിയവരെയും രക്ഷതേടിയെത്തിയവരെ പരാതിക്കിടയില്ലാത്തവിധം പരിചരിച്ചും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെ നൽകിയാണ് ക്യാമ്പിൽ പാർപ്പിച്ചത്.തുടർ പ്രവർത്തനങ്ങളിലും എല്ലാ സർക്കാർ വകുപ്പുകളുടെയും ഏകോപനം ഉറപ്പുവരുത്തി നാശനഷ്ടത്തിന്റെ കണക്കുകൾ ശേഖരിച്ച് സന്നദ്ധസംഘടനകളുടെയും സർക്കാരിന്റെയും സഹായത്തോടെ പുനരധിവാസം വളരെ വേഗത്തിൽ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.
തീരുമാനങ്ങൾ

വെള്ളം കയറിയ ഭാഗങ്ങളിൽ പകർച്ചവ്യാധികൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തും.

പകർച്ചവ്യാധികളെ നേരിടാൻ PHC മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളെയും ആരോഗ്യ പ്രവർത്തകരെയും കൂടുതൽ സജ്ജരാക്കും.

വീടുകളും പരിസരങ്ങളും വൃത്തിയാക്കുന്നതിനായി എല്ലാ വിഭാഗം ജനങ്ങളെയും സന്നദ്ധ സംഘങ്ങളെയും യോജിച്ച് അണിനിരത്തും.

Advertisements

ക്ലോറിനേഷൻ അതിന്റെ ശരിയായ അളവിൽ ചെയ്യാൻ ആരോഗ്യ പ്രവർത്തകർ ശ്രദ്ധിക്കണം.

വെള്ളം കയറിയതിനെ തുടർന്ന് ബന്ധുവീടുകളിൽ അഭയം പ്രാപിച്ചവർക്കു കൂടി സഹായം ലഭ്യമാക്കുന്ന കാര്യം കലക്ടറുമായി ബന്ധപ്പെട്ട് തീരുമാനിക്കും.

ദുരിതാശ്വാസ സഹായധനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന അഭിപ്രായങ്ങൾ ഈ മാസം 30 ന് ചേരുന്ന പ്രത്യേക നിയമസഭയിൽ ഉന്നയിക്കും.

പകർച്ചവ്യാധികൾ, പാമ്പു കടി എന്നിവക്കുള്ള ചികിത്സക്കായി ജില്ലാ ആരോഗ്യമേഖല എല്ലാ സർക്കാർ, പ്രൈവറ്റ് ആശുപത്രികളിലും വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയതായി യോഗത്തിൻ DM0 പ്രതിനിധിയായ ഡോക്ടർ അഖിലേഷ്‌ അറിയിച്ചു.

കൊയിലാണ്ടി മണ്ഡലത്തിലെ എല്ലാ ക്യാമ്പുകളും അവസാനിച്ചു. ആകെ 16 ക്യാമ്പുകളിലായി 570 കുടുംബങ്ങൾ 1616 പേർ താമസിച്ചു.  നൂറുകണക്കനാളുകൾ ബന്ധുവീടുകളിലാണ് കഴിഞ്ഞത്.

വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ മണ്ഡലത്തിലെ മുഴുവൻ മത്സ്യത്തൊഴിലാളികളെയും എം.എൽ.എയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വെച്ച് ആദരിക്കാനും യോഗത്തിൽ തീരുമാനിച്ചു.

കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ വി. വി ഉഷ, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ, വൈസ് പ്രസിഡണ്ട് ഗീതാനന്ദൻ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ഷീജ പട്ടേരി, തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് സി. ഹനീഫ മാസ്റ്റർ, കൊയിലാണ്ടി അഡീഷണൽ തഹസിൽദാർ ഗോകുൽദാസ്‌, ഡോ: അഖിലേഷ്‌ എന്നിവർ യോഗത്തിൽ സംബന്ധിച്ചു

 

 

Share news

Leave a Reply

Your email address will not be published. Required fields are marked *