കൊയിലാണ്ടി മണ്ഡലത്തിലെ വികസനത്തിന് 10 കോടി രൂപ അനുവദിച്ചതായി കെ. ദാസൻ എം.എൽ.എ

കൊയിലാണ്ടി – മണ്ഡലത്തിലെ തീരദേശ മേഖല വികസന കുതിപ്പിലേക്ക്. 2 ഫിഷറീസ് യു.പി.സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കാനും കൊല്ലത്ത് ആധുനിക മത്സ്യ മാർക്കറ്റ് സ്ഥാപിക്കാനുമായി 10 കോടി രൂപയുടെ പ്രവൃത്തികൾക്ക് കിഫ്ബി യിൽ നിന്നും ഭരണാനുമതിയായി. കെ.ദാസൻ എം. എൽ. എ സമർപ്പിച്ച ശുപാർശയനുസരിച്ച് തീരദേശ വികസന കോർപ്പറേഷൻ എസ്റ്റിമേറ്റ് സഹിതം സംസ്ഥാന ഫിഷറീസ് മന്ത്രാലയം വഴി കിഫ്ബിയിൽ സമർപ്പിച്ച പദ്ധതികൾക്കാണ് ഇപ്പോൾ അംഗീകാരമായിരിക്കുന്നത്.
കോരപ്പുഴ ഗവ. ഫിഷറീസ് യു.പി.സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 3 കോടി 21 ലക്ഷം രൂപയാണ് അനുവദിച്ചത്. രണ്ട് നിലകളിലായി 8 ക്ലാസ് മുറികൾ ആണ് ഇവിടെ നിർമ്മിക്കുന്നത്. കെട്ടിടത്തിന് പുറമെ 6 ടോയ്ലറ്റുകൾ ഉൾപ്പെടുന്ന ടോയ്ലറ്റ് ബ്ലോക്കും ഇവിടെ നിർമ്മിക്കുന്നു. കൊയിലാണ്ടി ഫിഷറീസ് യു.പി.സ്കൂളിനായി 2 നിലകളിലായി ഡൈനിംഗ്ഹാൾ, സ്മാർട്ട് ക്ലാസ് റൂം, ഓപ്പൺ ഹാൾ എന്നിവയാണ് ഉൾപ്പെടുന്നത്. ഇതിനായി കോടി 80 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. രണ്ട് സ്കൂളുകളിലും ക്ലാസ് മുറികളിലേക്കാവശ്യമായ ഫർണീച്ചറുകളും, അനുബന്ധ സാധനങ്ങളും ഉൾപ്പെടുന്ന എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. കൊല്ലത്താണ് ആധുനിക രീതിയിലുളള മത്സ്യമാർക്കറ്റ് ഉയരാൻ പോകുന്നത്.
നഗരസഭയുടെ കൈവശത്തിലുള്ള ഭൂമിയിലാണ് ജില്ലയിലെ തന്നെ വലിയ മത്സ്യ മാർക്കറ്റ് ഒരുങ്ങുന്നത്. 1250 സ്ക്വയർ മീറ്ററിൽ നിർമ്മിക്കുന്ന മത്സ്യ മാർക്കറ്റിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഉറപ്പ് വരുത്തിയിട്ടിട്ടുണ്ട്. വിൽപ്പന സ്റ്റാളുകളും, ആവശ്യമായ മുറികളും ചിൽ റൂം, ടോയ്ലറ്റ് സൗകര്യം എന്നിവയും വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കും. ഇതിനായി 5 കോടി രൂപയാണ് അനുവദിച്ചു തന്നിരിക്കുന്നത്. ഇതോടെ മണ്ഡലത്തിലെ തീരദേശ മേഖലകളി ൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കമാകുന്നത്.
