കൊയിലാണ്ടി ഫെസ്റ്റ് നാഗരികം 2017 ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയുടെ കുടുംബശ്രീ വിപണനമേളയും സാംസ്‌ക്കാരികോത്സവവും കൊയിലാണ്ടി ഫെസ്റ്റ് നാഗരികം 2017ന്‌ഉജ്ജ്വല തുടക്കം. നഗരസഭ ഇ. എം. എസ്. ടൗൺഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു
ആഗസ്റ്റ് 24 മുതൽ സപ്തംബർ 2 വരെ 10 ദിവസത്തെ കുടുംബശ്രീ വിപണനമേളക്കാണ് തുടക്കമായത്. കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ എ.ഡി.എസ്. സഹകരണത്തോടെ 45 സ്റ്റാളുകളിലായി സ്വന്തമായി ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങളാണ് മേളയിൽ വിൽപ്പനക്ക് എത്തിച്ചിട്ടുള്ളത്. മേളയിൽ 65 ലക്ഷം രൂപയുടെ വിറ്റു വരവാണ് നഗരസഭ പ്രതീക്ഷിക്കുന്നത്.

ദിവസവും വൈകുന്നേരങ്ങളിൽ കേരളത്തിലെ പ്രഗദ്ഭരായ സാംസ്‌കാരിക നായകന്മാർ പങ്കെടുക്കുന്ന സാംസ്‌കാരിക സായാഹ്നവും, നൃത്ത സന്ധ്യ, പാടിപ്പതിഞ്ഞ പഴയ ഗാനങ്ങൾ, ഇശൽ സന്ധ്യ, നാടൻപാട്ടുകൾ എന്നീ വിവിധങ്ങളായ സാസ്‌ക്കാരിക പരിപാടികളാണ് ഇവിടെ അരങ്ങേറുക. സമാപന സമ്മേളനം സംസ്ഥാന എക്‌സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ. ദാസൻ എം. എൽ. എ. അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, മീനാക്ഷി അമ്മ തുടങ്ങിയവർ പങ്കെടുക്കും.

നഗരസഭാ വൈസ് ചെയർമാൻ വി. കെ. പത്മിനി, കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റർ പി. സി. കവിത, സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻമാരായ വി. കെ. അജിത, ദിവ്യ ശെൽവരാജ്, മറ്റ് നഗരസഭാ കൗൺസിലർമാർ വി. വി. സുധാകരൻ, വായനാരി വിനോദ്, ഇ. കെ. അജിത്ത്, വി. പി. ഇബ്രാഹിംകുട്ടി, കെ. എം. നജീബ്, സി. സത്യചന്ദ്രൻ, ഇ. എസ്. രാജൻ, കബീർ സലാല, എം. പി. കൃഷ്ണൻ, ജെ. എച്ച് ഐ. പ്രസാദ് തുടങ്ങിയവർ ആശംസകൾ നേർന്നു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതവും സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ നന്ദിയും പറഞ്ഞു.

