കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് അറവ് മാലിന്യം തള്ളിയ നിലയിൽ: പ്രദേശത്ത് ദുർഗന്ധം
കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് അറവ് മാലിന്യം ഉള്‍പ്പെടെ തള്ളിയ നിലയിൽ. പ്രദേശത്ത് അസഹ്യമായ ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ. വ്യാഴാഴ്ച രാവിലെയാണ് പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് ഹൈവെ ജംങ്ഷനോട് ചേർന്ന് നിൽക്കുന്ന ആർ.ബി.ഡി.സി.യുടെയും സ്വാകാര്യ വ്യക്തിയുടെയും നഗരമധ്യേയുള്ള സ്ഥലത്ത് മാലിന്യം തള്ളിയ നിലയിൽ കാണപ്പെട്ടത്. വലിയ വാഹനത്തിൽ എത്തിച്ച് ഇവിടെ തള്ളിയതാണെന്നാണ് മനസിലാകുന്നത്.
ദുർഗന്ധം കാരണം ഓട്ടോതൊഴിലാളികൾക്കും മറ്റ് കച്ചവട സ്ഥാപനത്തിലെ ആളുകൾക്കും വലിയ പ്രയാസമാണ് ഉണ്ടാക്കിയിട്ടുള്ളത്. നഗരസഭ അടിയന്തരമായി ഇടപെട്ട് മാലിന്യം നീക്കംചെയ്യണമെന്ന് ഇവർ ആവശ്യപ്പെടുന്നു. അറവ്ശാലയിലെയും ഹോട്ടലിലെയും മാലിന്യമാണ് ഇതിലുള്ളതെന്ന് നാട്ടുകാർ പറയുന്നു. തൊട്ടടുത്ത സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചാൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ സാധിക്കുമെന്നാണ് ഇവർ പറയുന്നത്. ഇവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് നഗരത്തിലെ ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടു. നഗരത്തിലെ പല ഭാഗങ്ങളിലും സ്വാകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ സിസിടിവി സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും ഇതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപവും നിലനിൽക്കുകയാണ്.

