KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി റോഡിൽ അജ്ഞാതർ മാലിന്യം നിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് റോഡ് ഉപരോധിച്ചു

കൊയിലാണ്ടി. നഗരസഭയിലെ പന്തലായനി റോഡിൽ അജ്ഞാതർ മാലിന്യം നിക്ഷേപിച്ചു. ഇന്ന് പുലർച്ചെയാണ് റെയിൽവെ സ്റ്റേഷന്  മുൻവശമുള്ള പന്തലായനി റോഡിൽ  ലോറിയിൽ മാലിന്യം നിക്ഷേപിച്ചത്. ഗതാഗതം തടസ്സപ്പെടുന്ന നിലയിലാണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. സംഭവം വാർത്തയായതോടെ നഗരസഭാ കൌൺസിലർ യു. രാജീവൻ മാസ്റ്ററുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ പന്തലായനി റോഡ് പൂർണ്ണമായും ഉപരോധിച്ചു. നഗരസഭ യുടെ അറിവോടെയാണ് മാലിന്യം നിക്ഷേപിച്ചതെന്ന് ഇവർ ആരോപിച്ചു. 

റോഡരികിലും റെയിൽവെയുടെ സ്ഥലത്തും തുറസ്സായ ഏക്കറ കണക്കിന് സ്ഥലമുള്ള ഇവിടെ  റോഡിന് കുറുകെ മാലിന്യം നിക്ഷേപിച്ചതിലൂടെ സംഭവത്തിൽ ദുരൂഹത വർദ്ധിച്ചിരിക്കുയാണ്. നഗരസഭയെ കരിതേച്ച് കാണിക്കാൻ ചിലർ സാമൂഹ്യ വിരുദ്ധരുമായി കൂട്ടുചേർന്ന് നടത്തിയ ആസൂത്രിതമായ ഇടപെടലാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി  നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ പറഞ്ഞു.  സംഭവം അറിഞ്ഞ ഉടനെ നഗരസഭാ കൌൺസിലർ പി.എം. ബിജു സ്ഥലത്തെത്തി ആവശ്യമായി നടപടി സ്വീകരിച്ചു. തുടർന്ന് നഗരസഭയുടെ വാഹനമെത്ത് മാലിന്യം പൂർണ്ണമായി നീക്കംചെയ്തു.

ഉപരോധ സമരം തുടരുന്നതിനാൽ  നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് അറിയിച്ചതോടെ ഇവർ സമരം അവസാനിച്ചിപ്പിച്ചു. മാലിന്യ നിർമ്മാർജ്ജനത്തിന് നഗരസഭ എല്ലാതരത്തിലുമുള്ള ഇടപെടൽ നടത്തുണ്ട്. ആധുനിക രീതിയിൽ മാലിന്യ നിർമ്മാർജ്ജനത്തിന് നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാൻ സാധിച്ചിട്ടുണ്ട്. നഗരസഭയുടെ മുഴുവൻ വാർഡുകളിലും പദ്ധതി പ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ്. അതിനിടയിൽ നടക്കുന്ന  ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ പറഞ്ഞു.

Advertisements

മാലിന്യം തള്ളിയ ലോറിയുടെ നമ്പർ ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരെ കണ്ടെത്താൻ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് വ്യക്തമാക്കി. ഉപരോധ സമരത്തിന് കെ.പി.സി.സി. അംഗം യു. രാജീവൻ മാസ്റ്റർ, വി.ടി. സുരേന്ദ്രൻ പി. രത്നവല്ലി ടീച്ചർ, എം.എം. ശ്രീധരൻ, പി.വി. വേണുഗോപാലൻ , കൌൺസിലർ ശ്രീജ റാണി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *