കൊയിലാണ്ടി നഗരസഭ ഹരിതനഗര പ്രഖ്യാപനം ശനിയാഴ്ച നടക്കും
കൊയിലാണ്ടി: സംസ്ഥാന സർക്കരിന്റെ നവകേരള മിഷൻ 2017 ഭാഗമായി കൊയിലാണ്ടി നഗരസഭ ഹരിതനഗര പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് 5 മണിക്ക് നടക്കും. മുൻ എം. പി.യും സംസ്ഥാന ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്‌സണുമായ ടി.എൻ സീമ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ അഡ്വ: കെ. അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ശുചീകരണ തൊഴിലാളികളെ കെ. ദാസൻ എം.എൽ.എ ഉപഹാരം നൽകി ആദരിക്കും. നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ പത്മിനി ഹരിത പ്രതിജ്ഞയെടുക്കും. വ്യത്യസ്തവും വേറിട്ടതുമായ പരിപാടികളിലൂടെ നഗര മാലിന്യ നിർമ്മാർജ്ജന രംഗത്ത് പുതുവഴി തെളിച്ച് കൊയിലാണ്ടി നഗരം ഹരിത നഗരമാവുകയാണ്. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന പൗര ബോധത്തിലേക്ക് കൊയിലാണ്ടിയിലെ ജനതയെ നയിക്കൂ എന്ന കർമ്മ പരിപാടി കൂടിയാണ് ഹരിത നഗര പ്രഖ്യാപനത്തിലൂടെ നഗരസഭ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിരവധി പേർ സംബന്ധിക്കും. തുടർന്ന് ഹരിത പ്രദർശനം, മാന്ത്രികൻ ശ്രീജിത്ത് വിയ്യൂരിന്റെ ശുചിത്വ മാജിക്ക്, പത്മനാഭൻ മുചുകുന്ന് അവതരിപ്പിക്കുന്ന ഓട്ടൻതുളളൽ എന്നിവയും നടക്കും.




