കൊയിലാണ്ടി നഗരസഭ: നീന്തൽ ടെസ്റ്റ് പ്രഹസനമെന്ന് ആക്ഷേപം

കൊയിലാണ്ടി: നഗരസഭയിൽ എസ്.എസ്.എൽ.സി.പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്കായി നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റുകൾ പ്രഹസനമെന്ന് ആക്ഷേപമുയരുന്നു. വിദ്യാർത്ഥികൾ നീന്തൽ അറിഞ്ഞിരിക്കണമെന്നാണ് വ്യവസ്ഥ. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകുമ്പോൾ നീന്തൽ സർട്ടിഫിക്കറ്റും നൽകണം. ഇതിന് പ്രത്യേകമാർക്കും ലഭിക്കും. പ്രവേശനത്തിനു മുന്നെ നീന്തൽ പരിശോധന നടത്തിയാണ് തദ്ദേശ അധികാരികൾ സർട്ടിഫിക്കറ്റ് നൽകുക.
കൊയിലാണ്ടി നഗരസഭയിൽ മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ നീന്തൽ പരിചയ സർട്ടിഫിക്കറ്റ് നൽകിയത്. കൊല്ലം ചിറയിൽ വെച്ചായിരുന്നു ഇതിനായുള്ള ടെസ്റ്റ് നടന്നത്. എന്നാൽ നീന്തൽ അറിയാത്ത പല വിദ്യാർത്ഥികളും വെള്ളത്തിൽ നനഞ്ഞ് വരികയായിരുന്നുവെന്നാണ് ആക്ഷേപം. അവർക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്. നീന്തൽ പരിശീലനത്തിനായി പ്രത്യേക ഫണ്ട് വെച്ച് വിദ്യാർത്ഥികൾക്ക് നൽകിയിട്ടും നീന്തൽ അറിയാത്തവരായി നിരവധി വിദ്യാർത്ഥികളുണ്ടെന്നതാണ് വിരോധാഭാസം.

