KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ജൈവപച്ചക്കറി സ്വയംപര്യാപ്തതയിലേക്ക്‌

കൊയിലാണ്ടി > വിഷുവിന് മാത്രമല്ല ഏതാണ്ട് എല്ലാ സീസണിലും പച്ചക്കറിയില്‍ സ്വയംപര്യാപ്തമാകാനുള്ള പ്രവര്‍ത്തനത്തിലാണ് കൊയിലാണ്ടി നഗരസഭ. നഗരസഭയിലെ 44 വാര്‍ഡുകളിലും ജൈവപച്ചക്കറി വിളവെടുപ്പിനായി ഒരുങ്ങിക്കഴിഞ്ഞു.

വയലുകളിലും വീടുകളിലും പ്രത്യേക കൃഷിത്തോട്ടങ്ങളിലുമുള്ള കൃഷിയിടങ്ങളിലേക്ക് പച്ചക്കറി വാങ്ങാന്‍ ജനങ്ങളെത്തുന്ന കാഴ്ചയാണ് നഗരസഭയുടെ ഏതാണ്ട് എല്ലാ വാര്‍ഡുകളിലും കാണുക. നഗരസഭ നേരിട്ടും കുടുംബശ്രീ അയല്‍കൂട്ടങ്ങളൂടെ നേതൃത്വത്തിലും കര്‍ഷക സമിതികളുടെ നേതൃത്വത്തിലുമെല്ലാമാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. നഗരസഭയില്‍ 639 അയല്‍കൂട്ടങ്ങളില്‍ 500 എണ്ണവും ഇപ്പോള്‍ കൃഷിയില്‍ മുഴുകിക്കഴിഞ്ഞു. സ്വകാര്യ വ്യക്തികളും നഗരസഭയുടെയും കൃഷിഭവന്റെയും സഹായത്തോടെ പച്ചക്കറി കൃഷി നടത്തുന്നുണ്ട്.

അഞ്ചു സെന്റ് മുതല്‍ പത്ത് ഏക്കര്‍വരെ ജൈവപച്ചക്കറി കൃഷി നടത്തുന്ന കേന്ദ്രങ്ങള്‍ ഇപ്പോഴുണ്ടെന്ന് നഗരസഭാ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ കെ ഭാസ്ക്കരന്‍ പറയുന്നു. പൊതു ഇടങ്ങളില്‍ ഏതാണ്ട് നൂറ് ഏക്കറിലധികം സ്ഥലത്ത്  ജൈവപച്ചക്കറി കൃഷി നടക്കുന്നുണ്ട്. ഇതു കൂടാതെ വ്യക്തിപരമായി നിരവധിപേര്‍ പച്ചക്കറി കൃഷി ചെയ്യുന്നു.

Advertisements

കൊയിലാണ്ടി നഗരസഭയിലെ ജനങ്ങള്‍ക്കു മാത്രമല്ല,  തൊട്ടടുത്ത പഞ്ചായത്തിലെ ജനങ്ങള്‍ക്കും പച്ചക്കറി നല്‍കാനുള്ള ഉല്‍പാദനലക്ഷ്യമാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. പ്രൈമറി സ്കൂള്‍ മുതല്‍ ഏതാണ്ട് എല്ലാ സ്കൂളുകളും ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ എന്‍എസ്എസ്, കോളേജുകളിലെ സന്നദ്ധസംഘടനകള്‍ എന്നിവയും ഡിവൈഎഫ്ഐ, സിപിഐ എം തുടങ്ങിയ സംഘടനകള്‍, മറ്റ് പൊതുസംഘടനകള്‍ എന്നിവയെല്ലാം ചേര്‍ന്ന് കൊയിലാണ്ടി നഗരസഭാ പരിധിയില്‍ മാത്രം ഏതാണ്ട് ആയിരത്തഞ്ഞൂറ് ഏക്കറിലധികം സ്ഥലത്ത് ഇത്തവണ ജൈവ പച്ചക്കറി ഉല്‍പാദിപ്പിച്ചിട്ടുണ്ട്. നഗരസഭയിലെ കൃഷി ഓഫീസര്‍ സബ്ന സൈനുദ്ദീന്‍, കൃഷി അസിസ്റ്റന്റ് രജീഷ് എന്നിവരുടെയും പ്രായോഗികാനുഭവമുള്ള നിരവധി കൃഷിക്കാരുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പച്ചക്കറി കൃഷി നടത്തുന്നത്. വിത്തുകളെല്ലാം നഗരസഭ നല്‍കി. കുടുംബശ്രീയുടെ ചെറിയ ഇന്‍സന്റീവും കര്‍ഷകര്‍ സ്വയം ഇറക്കുന്ന തുകയുമാണ് മൂലധനം.

കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡ്, പെരുവട്ടൂര്‍, കൊല്ലം, കാവുംവട്ടം അടക്കമുള്ള വിപണന കേന്ദ്രങ്ങള്‍ വിഷുവിന് മുമ്പു തന്നെ ആരംഭിക്കുകയാണ്. അയല്‍ക്കൂട്ടങ്ങള്‍ നടത്തുന്ന കൃഷി മാത്രമല്ല എല്ലാ കൃഷിക്കാര്‍ക്കും വിപണനകേന്ദ്രത്തില്‍ തങ്ങളുടെ ഉല്‍പ്പന്നം വിറ്റഴിക്കാനുള്ള സൌകര്യമുണ്ടാകും. പൊതുജനങ്ങള്‍ക്ക് ഈ വിപണനകേന്ദ്രത്തില്‍ വന്ന് ജൈവപച്ചക്കറി വാങ്ങാം.അടുത്ത വര്‍ഷം മുതല്‍ നഗരസഭയുടെ പൂര്‍ണമായ നേതൃത്വത്തില്‍ തന്നെ ഫണ്ട് കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ബജറ്റില്‍ തുടക്കമിട്ടു കഴിഞ്ഞു.

സമ്പൂര്‍ണ ജൈവഗ്രാമം പദ്ധതിക്കായി 25 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. ജൈവകാര്‍ഷിക ഉല്‍പന്നവിപണന കേന്ദ്രം സ്കൂളുകളില്‍ ജൈവപച്ചക്കറി കൃഷി, വിത്തുല്‍പാദനകേന്ദ്രം എന്നിവക്ക് 25 ലക്ഷത്തോളം രൂപയും വച്ചിട്ടുണ്ട്. ഗ്രീന്‍ഗോള്‍ഡ് എന്ന നിലയില്‍ ജൈവപച്ചക്കറി അടുത്ത വര്‍ഷം കയറ്റുമതി ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഉല്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ പറഞ്ഞു.

കുടുംബശ്രീ യുണിറ്റുകളെ ഉപയോഗപ്പെടുത്തി വിത്തുല്‍പ്പാദന കേന്ദ്രം, തൈ നിര്‍മാണകേന്ദ്രം, ജൈവ കീടനാശിനി ഉല്‍പ്പാദനകേന്ദ്രം, ജൈവവളം നിര്‍മാണകേന്ദ്രം എന്നിവ നഗരസഭയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നടത്തും. കൊയിലാണ്ടിയില്‍ ജൈവപച്ചക്കറിയുടെ സ്ഥിരം വിപണനകേന്ദ്രം ഉണ്ടാക്കും. കേടുകൂടാതെ പച്ചക്കറി സൂക്ഷിക്കാനുള്ള കേന്ദ്രം കൂടിയായിരിക്കും അത്.

ഗ്രീന്‍ഗോള്‍ഡ് കൊയിലാണ്ടി ബ്രാന്‍ഡ് എന്ന നിലയില്‍ കയറ്റി അയക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും അടുത്ത വര്‍ഷത്തെ ഉല്‍പ്പാദനം ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഏപ്രില്‍ കഴിയുന്നതോടെ മഴക്കാല പച്ചക്കറി ഉല്‍പ്പാദിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുമെന്നും ചെയര്‍മാന്‍ പറഞ്ഞു.