KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കൃഷിഭവനിൽ കിണറും വെള്ളവും ഇല്ല ജീവനക്കാർ ദുരിതത്തിൽ

കൊയിലാണ്ടി: നഗരസഭ കൃഷിഭവനിൽ കിണറും വെള്ളവുമില്ല. ജീവനക്കാർ ദുരിതത്തിൽ. നഗരസഭയുടെ കീഴിലുള്ള കൃഷിഭവനും, മത്സ്യഭവനും പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് കിണറും വെള്ളവുമില്ലാത്തത് കാരണം ജീവനക്കാരും ഓഫീസ് ആവശ്യത്തിന് എത്തുന്ന നാട്ടുകാരും ദുരിതമനുഭവിക്കുന്നത്. വർഷങ്ങളായി ഈ സ്ഥിതിയാണ് തുടരുന്നത്. രണ്ട് സർക്കാർ സ്ഥാപനങ്ങളും ഇവിടെ ആരംഭിച്ച കാലം മുതൽ ജീവനക്കാരുടെ ആവശ്യത്തിന് വെള്ളം ലഭ്യമാക്കാനാവശ്യമായ ഒരു നടപടിയും നഗരസഭ ഇതുവരെയും സ്വീകരിച്ചിട്ടില്ല എന്നാണ് പല ആനുകൂല്യത്തിനായി ഓഫീസിലെത്തുന്ന ആളുകൾ പറയുന്നത്. വർഷങ്ങളായി ജീവനക്കാർ സമീപ വീടുകളിൽ നിന്ന് വെള്ളം എത്തിച്ചാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. എന്നാൽ പലപ്പോഴും വീടുകളിൽ ആളില്ലാത്ത അവസ്ഥ ഉണ്ടാകുമ്പോൾ ഇവർ തികച്ചും നിസ്സഹായരാവുകയാണ്. ബാത്ത് റൂമിലും മറ്റും വെള്ളം ഇല്ലാത്തത് കാരണം വനിതാ ജീവനക്കാരണ് ഏറെ പ്രയാസപ്പെടുന്നത്. കൃഷി ഓഫീസർ ഉൾപ്പെടെ 5 ജീവനക്കാരാണ് ഇപ്പോൾ ഇവിടെ ജോലിചെയ്യുന്നത്. മത്സ്യ ഭവൻ ഓഫീസിലും ഇത് തന്നെയാണ് അവസ്ഥ. നഗരസഭയിലെ 44 കൗൺസിലർമാരും മറ്റ് പൊതുപ്രവർത്തകരും ദിവസവും കയറിയിറങ്ങുന്ന ഓഫീസിലാണ് 20 വർഷം പിന്നിട്ടിട്ടും ഈ ദുരിത സ്ഥിതി തുടരുന്നത്.

വിവിധ പദ്ധതിയുടെ ഭാഗമായി കൃഷിഭവനിൽ എത്തുന്ന പച്ചക്കറി, ഫലവൃക്ഷ തൈകൾ എന്നിവ നനയ്ക്കാൻ വെള്ളം ഇല്ലാത്തത് കാരണം ഉണങ്ങി നശിക്കുന്നതും പതിവാണ്. ഇത്കാരണം പലർക്കും ആനുകൂല്യം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ഇവർ പറയുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴിൽ പട്ടണത്തിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്ത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും 25000 രൂപ മാത്രം ചിലവാക്കിയാൽ ഒരു കുഴൽ കിണർ ഉണ്ടാക്കിയാൽ തീരുന്ന ഈ പ്രശ്‌നം പരിഹരിക്കാൻ അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

അഡ്വ. എം.പി. ശാലിനി പ്രഥമ ചെയർപേഴ്‌സൺ ആയശേഷം പന്തലായനി കോയാരി ബാലൻ എന്നയാൾ സൗജന്യമായി വിട്ടുകൊടുത്ത 5 സെന്റ് സ്ഥലത്താണ് നഗരസഭ കൃഷിഭവനും മത്സ്യഭവനും വേണ്ടി കെട്ടിടം പണിതത്. 2001 ഫിബ്രവരി 17ന് അന്നത്തെ എം.എൽ.എ. പി.വിശ്വൻ മാസ്റ്റർ തറക്കല്ലിട്ട കെട്ടിടം വേഗത്തിൽ പണി പൂർത്തീയാക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണതോതിൽ ഒരുക്കിയിരുന്നില്ല.

Advertisements

ഷൈലേഷ് പന്തലായനി
നഗരസഭയുടെ സ്വന്തം കെട്ടിടത്തിനോട് കാണിക്കുന്ന സമീപനം ഇതാണെങ്കിൽ മറ്റ് സേവനങ്ങൾക്കായി എത്തുന്നന്നവരോട് എന്ത് സമീപനമാണ് സ്വീകരിക്കുകയെന്ന് മാതൃഭൂമി ഏജൻ്റ് ഷൈലേഷ് പന്തലായനി പറഞ്ഞു.

പ്രമോദ് രാരോത്ത്

ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്ന ഭരണാധികാരികൾ ഉറങ്ങുകയോ അതോ ഉറക്കം നടിക്കുകയോ എന്ന് പൊതു പ്രവർത്തകനും കർഷകനുമായ പ്രമോദ് രാരോത്ത് പറഞ്ഞു. ഓഫീസിൽ പലപ്പോഴും വന്ന സമയത്ത് കൈകഴുകാൻ ഒരു തുള്ളി വെള്ളം കിട്ടാനായി ദൂരെയുള്ള ഹോട്ടലിനെ തേടി പോകേണ്ട അനുഭവമാണ് കൊയിലാണ്ടി ഡയറിയോട് പങ്കുവെച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *