കൊയിലാണ്ടി നഗരത്തിലെ ട്രാഫിക് പരിഷ്ക്കാരത്തിന് 3 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതിയായി

കൊയിലാണ്ടി: നഗര കേന്ദ്രത്തിലെയും ദേശീയ പാതയിലെയും ഗതാഗത പരിഷ്കരണത്തിന് കേരള റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും 3 കോടി രൂപയുടെ വിവിധ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ച് ഉത്തരവായി. പ്രവൃത്തികൾ ആരംഭിക്കാനായി ആകെ അടങ്കലിന്റെ 40% തുക ജില്ലാ റോഡ് സേഫ്റ്റി കൗൺസിലിന് അനുവദിച്ചു കഴിഞ്ഞു. ആദ്യഘട്ട പ്രവൃത്തികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ബാക്കി പണം കൂടി അനുവദിക്കും.
കൊയിലാണ്ടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കെ.ദാസൻ എം.എൽ.എ മുൻകൈയ്യെടുത്താണ് പ്രസ്തുത പദ്ധതിയുടെ ആവശ്യകത ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. തുടർന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ കൊയിലാണ്ടിയിൽ വെച്ച് തന്നെ യോഗം ചേരുകയും ചർച്ച ചെയ്ത് തീരുമാനങ്ങളെടുക്കുകയും ചെയ്തു. പിന്നീട് റോഡ് സേഫ്റ്റി കമ്മീഷണറടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു വിലയിരുത്തി. ഇതു സംബന്ധിച്ച് നടത്തിയ തുടർ പ്രവർത്തനങ്ങളാണ് ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നത്. പദ്ധതി പൂർണ്ണ രീതിയിൽ നടപ്പിലാകുന്നതോടെ കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കൊയിലാണ്ടി കോടതിയുടെ ചുറ്റുമതിൽ 1 മീറ്റർ പുറകോട്ട് നീക്കി നിർമ്മിക്കാൻ ഹൈക്കോടതിയുടെ അനുമതി ലഭിച്ച് കഴിഞ്ഞു. വക്കീൽ ക്ലർക്കുമാരുടെ മുറിയുടെ കുറച്ച് ഭാഗത്തെ സ്ഥലം കൂടി ലഭ്യമാകുന്നതോടെ നിലവിലെ ഓവുചാലുകൾ മാറ്റി നിർമ്മിക്കാനാകും അതുവഴി റോഡിന് ആവശ്യമായ വീതി ഉണ്ടാകുന്ന നിലവരും. രണ്ട് പ്രവൃത്തികളും ഒരുമിച്ച് നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി എം.എൽ.എ. പറഞ്ഞു. നഗരമധ്യത്തിലെ ട്രാൻസ് ഫോർമർ മാറ്റി സ്ഥാപിക്കാൻ ആവശ്യമായ ഫണ്ട് നഗരസഭ കെ.എസ്.ഇ.ബിക്ക് നൽകി കഴിഞ്ഞു.

അനുമതിയായിക്കഴിഞ്ഞ 3 കോടി രൂപയുടെ പ്രവൃത്തികളുടെ കൂട്ടത്തിൽ ഓവുചാലുകളുടെ നവീകരണം, ഫുട്പാത്ത് ടൈൽ പാകൽ, ആവശ്യമായ ഭാഗങ്ങളിൽ റോഡ് വീതി വർദ്ധിപ്പിക്കൽ, ട്രാഫിക് സുരക്ഷാ പ്രവൃത്തികൾ, ബസ് ഷെൽട്ടർ നിർമ്മാണം, എൽ.ഇ.ഡി ലൈറ്റുകൾ, സെൻട്രൽ സർക്കിൾ നിർമ്മാണം തുടങ്ങിയ നിരവധി പ്രവൃത്തികളാണ് ഉൾക്കൊള്ളുന്നത്.

ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റി മുഖേനയാണ് പ്രവൃത്തികൾ നടക്കുക. പൊതുമരാമത്ത് ദേശിയ പാതാ വിഭാഗം നിർമ്മാണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കും.
