കൊയിലാണ്ടി താലൂക്ക് ആശുപത്രി വിവിധ പ്രവൃത്തികളുടെ അവലോകന യോഗം ചേർന്നു

കൊയിലാണ്ടി: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ നടന്നു വരുന്ന വിവിധ വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ്റെ സാന്നിദ്ധ്യത്തിൽ കെ. ദാസൻ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ കാരുണ്യ ഡയാലിസ് സെന്ററിന്റെ പ്രവൃത്തികൾ ജൂലൈ 15നകം തീർക്കാൻ ധാരണയായി. ട്രോമാകെയർ യൂണിറ്റിന്റെ ഭാഗമായി വരുന്ന സി.ടി.സ്കാൻ സ്ഥാപിക്കുന്ന പണികൾ വേഗത്തിലാക്കാനും തീരുമാനിച്ചു.
ആശുപത്രിയിലെ ഒന്നാംനിലയിൽ 2 കോടി രൂപ അടങ്കൽ വരുന്ന ലക്ഷ്യ പദ്ധതിയുടെ എഗ്രിമെന്റ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിയുന്നതോടെ ഒപ്പുവെക്കാനാകുമെന്ന് എച്ച്. എൽ. എൽ അധികൃതർ അറിയിച്ചു. ഇത് കൂടാതെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 3.50 കോടിയുടെ ഭരണാനുമതി റിവൈസ് ചെയ്ത് വാങ്ങാനുള്ള നടപടികൾ ത്വരിതപ്പെടുത്താനും തീരുമാനമായി.
ആശുപത്രയിലെ അവസാന നിലയിലേക്ക് പ്രവേശിക്കാൻ ഫയർഫോഴ്സിന്റെ എൻ.ഒ.സി. ലഭ്യമാക്കാൻ തിരുവനന്തപുരത്തെ ആസ്ഥാന കാര്യാലയവുമായി ബന്ധപ്പെടാൻ തീരുമാനിച്ചു. കോമ്പൗണ്ട് വാൾ, പുതിയ ആംബുലൻസ് പർച്ചേഴ്സ് എന്നീ പ്രവൃത്തികൾ ത്വരിതപ്പെടുത്താനും തീരുമാനിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ജയശ്രീ, ആശുപത്രി സൂപ്രണ്ട് ഡോ: പ്രതിഭ. പി, PWD ഇലക്ട്രിക്കൽ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ, എച്ച്. എൽ .എൽ, കെ.എച്ച്.ആർ. ഡെബ്ല്യു. എസ്. ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
