KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലുക്ക് ആശുപത്രി കെട്ടിടോദ്ഘാടനം മെയ്‌ 27ന് – സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ ആറ് നില കെട്ടിടത്തിന്റെ ഉദ്ഘാടനം  27 ന് വൈകിട്ട് 3-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.  ഉദ്ഘാടന പരിപാടിക്കായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, അദ്ധ്യക്ഷത വഹിച്ചു.
തഹസിൽദാർ പി. പ്രേമൻ, ആശുപത്രി സൂപ്രണ്ട് കെ.എം.സച്ചിൻ ബാബു, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, തുടങ്ങിയവർ പങ്കെടുത്തു. 2013 ൽ നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ പണി 2016ൽ പൂർത്തിയായിട്ടും അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാകാത്തതിനാൽ ഉദ്ഘാടനം നീണ്ടു പോവുകയായിരുന്നു.
കെട്ടിടത്തിനാവശ്യമായ വൈദ്യുതി ബന്ധം, ലിഫ്റ്റ് സംവിധാനം എന്നിവയുടെ സജജീകരണം പൂർത്തിയാവാത്തതും ഫർണിച്ചറുകൾ ഇല്ലാത്തതും കാരണം ഉദ്ഘാടനം വൈകുകയായിരുന്നു. വൈദ്യുതി കണക്ഷൻ ലഭിക്കാത്തത് കാരണം ലിഫ്റ്റ് സ്ഥാപിക്കുന്ന പ്രവർത്തിയും നിലച്ചു. ഉദ്ഘാടന തിയ്യതി പ്രഖ്യാപിച്ചതോടെ സാങ്കേതിക തടസ്സങ്ങൾ നീങ്ങി. ലിഫ്റ്റ് നിർമ്മാണം പൂർത്തിയായി കഴിഞ്ഞു.
ദിവസേന രണ്ടായിരത്തിലധികം രോഗികൾ ചികിത്സക്കായി എത്തുന്ന താലൂക്ക് ആശുപത്രിക്ക് പുതിയ ആറ് നിലകെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ ഏറെ ആശ്വാസകരമാവും. ആശുപത്രി കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണ്ണിച്ചറുകൾ വിവിധ സംഘടനകളുടെ സഹായത്തോടെ സംഘടിപ്പിക്കാനാണ് തീരുമാനം. കൂടാതെ വിവിധ പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായവും ഉപയോഗപ്പെടുത്തും.
കെ.ദാസൻ എം.എൽ.എ ചെയർമാനും നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ കൺവീനറും ഡോ. കെ. എം. സച്ചിൻ ബാബു ട്രഷററുമായി 251 അംഗ കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *