KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗവ: ഐ.ടി.ഐ. അന്താരാഷ്ട്ര നിലവാരത്തിലേക്ക്: 4 കോടിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു

 കൊയിലാണ്ടി: ഗവ: ഐ.ടി.ഐ യെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന  4 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാവുകയാണ്.  ടെണ്ടർ നടപടികൾ പൂർത്തിയായതായി കെ. ദാസൻ എം.എൽ.എ. അറിയിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.  സംസ്ഥാനത്ത് തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന 10 ഐ.ടി.ഐ കളെയാണ്  കിഫ്ബിയുടെ സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നത്. ഇതിൽ  നമ്മുടെ ഐ.ടി.ഐ മാത്രമാണ് കോഴിക്കോട് ജില്ലയിൽ നിന്നും ഇടം പിടിച്ചതെന്ന് എം.എൽ.എ. പറഞ്ഞു.
കുറുവങ്ങാട് വരകുന്നിൽ പ്രവർത്തിച്ചു വരുന്ന 34 വർഷം പിന്നിടുന്ന ഈ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രം അടിമുടി മാറാനൊരുങ്ങുകയാണ്.  സമഗ്ര വികസനത്തിനായി തയ്യാറാക്കിയ  മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവൃത്തികൾ തുടങ്ങുന്നത്. പുതിയ അക്കാദമിക് ബ്ലോക്ക്, മെയിൻ ഗേറ്റ് വിത്ത് സെക്യൂരിറ്റി ക്യാബിൻ, കോമ്പൗണ്ട് വാൾ, റോഡ്, വര്‍ക്ക്ഷോപ്പുകളുടെ നവീകരണം, ക്ലാസ്മുറികള്‍ ഹൈടെക് ആക്കല്‍,  ക്യാമ്പസ് ബ്യൂട്ടിഫിക്കേഷന്‍, അക്കാദമിക് ബ്ലോക്കിലേക്കാവശ്യമായ ഫർണീച്ചറുകൾ,  തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കമാകുന്നത്.
  രണ്ട് ഗവ: ഐ.ടി.എ കളാണ് കൊയിലാണ്ടിയിൽ പ്രവർത്തിച്ചു വരുന്നത്. കക്രാട്ട് കുന്നിൽ സ്ഥിതി ചെയ്യുന്ന ഐ.ടി.ഐ സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിലാണ്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇവിടെയും നടന്നത് കോടികളുടെ വികസനമാണ്. 1 കോടി 95 ലക്ഷം ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടം മന്ത്രി എ.കെ. ബാലനാണ് കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തത്.  ഇപ്പോഴത്തെ കോവിഡ് അന്തരീക്ഷത്തിൽ അയവ് വരുന്നതോടെ വരകുന്നിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
ഈ സർക്കാരിന്റെ കാലത്ത് മറ്റെല്ലാ മേഖലകളെപ്പോലെയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്തും സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് ഈ നാട് സാക്ഷ്യം വഹിക്കുന്നത്. എല്ലാ വികസന മുന്നേങ്ങൾക്കും ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി രേഖപ്പെടുത്തുന്നതായും എം.എൽ.എ. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *