KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഇലക്ട്രിക്‌സിറ്റി സെക്ഷന്‍ ഓഫീസ് പന്തലായനിയിലേക്ക് മാറ്റുന്നു

കൊയിലാണ്ടി : ടൗണിന് തെക്ക്‌വശത്തായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കൊയിലാണ്ടി കെ. എസ്. ഇ. ബി. സെക്ഷന്‍ ഓഫീസ് ഡിസംബര്‍ 11-ാം തിയ്യതി മുതല്‍ കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിക്ക് സമീപം യുവജനകലാസമിതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ടി. കെ.നരായണന്‍ മന്ദിരം റോഡിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷമായി സ്റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കോര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലായിരുന്നു കെ. എസ്. ഇ. ബി. യുടെ സെക്ഷന്‍ ആസ്ഥാനം. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ എഗ്രിമെന്റ് കാലാവധി കഴിഞ്ഞിട്ടും വാടക വര്‍ദ്ധിപ്പിക്കാനോ ഒഴിയാനോ ബോര്‍ഡ് തയ്യാറായില്ല. നിരവധി തവണ നോട്ടീസ് മുഖാന്തരം ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്തതിനെ തുടര്‍ന്ന് ഉടമ കോടതിയെ സമീപിക്കുകയായിരുന്നു. അതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം ഉടമക്കനുകൂലമായി കോടതി വിധി വരികയായിരുന്നു. പുതുതായി കണ്ടെത്തിയ വാടകവീട്ടിലേക്കാണ് ഓഫീസ് മാറ്റുന്നത്. ഇരുനില വീടായ ഇവിടെ ഒരു ഓഫീസ് സംവിധാനമാക്കി മാറ്റുന്നതിനുള്ള വര്‍ക്ക് തുടങ്ങികഴിഞ്ഞു. അതോടൊപ്പം നിലവിലെ ഓഫീസിലെ ഫര്‍ണ്ണിച്ചറുകളും ഓഫീസ് ഫയലുകളും ഉള്‍പ്പെടെ മാറ്റി ഓഫീസ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകണമെങ്കില്‍ ദിവസങ്ങളെടുക്കേണ്ടിവരും. വീതികുറഞ്ഞ റോഡും പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതും ഇവിടെ വരുന്നവര്‍ക്കും പ്രദേശവാസികള്‍ക്കും വലിയ പ്രയാസമുണ്ടാക്കും. അത് പരിഹരിക്കാനുള്ള ശ്രമം അധികാരികളുടെ ഭാഗത്ത്‌നിന്ന് ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.