കൊയിലാണ്ടിയിൽ മാർച്ച് ഒന്നിന് വ്യാപാരി ഹർത്താൽ

കൊയിലാണ്ടി: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയിലെ വ്യാപാരികളുടെ കോ- ഓർഡിനേഷൻ കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി. മാർച്ച് ഒന്നിന് ബുധനാഴ്ച നന്തി മുതൽ ചെങ്ങോട്ടുകാവ് വരെയുള്ള കടകളും, ഹോട്ടലുകളും, മെഡിക്കൽ ഷോപ്പുകളും, കൂൾ ബാറുകളും തുറക്കില്ലെന്ന് വ്യാപാരികൾ പറഞ്ഞു. നഗരത്തിലെ മോട്ടോർ വാഹന തൊഴിലാളികളെയും പ്രക്ഷോഭത്തിൽ സഹകരിപ്പിക്കും. തുടർന്ന് അന്നേ ദിവസം സമര പ്രഖ്യാപന കൺവെൻഷനും സംഘടിപ്പിക്കും.
നഗരത്തിലൂടെ ദേശീയ പാത 45 മീറ്ററിൽ വീതിയിൽ സ്ഥലമെടുത്ത് നിർമ്മിച്ചാൽ താലൂക്ക് ആശുപത്രി, സ്റ്റേഡിയം, സാംസ്കാരിക നിലയം, ഹെഡ് പോസ്റ്റാഫീസ്, ട്രഷറി, കോടതി, രണ്ട് ആരാധനാലയങ്ങൾ, നഗരത്തിലെ 90 ശതമാനം പഴയതും പുതിയതുമായ വ്യാപാര സ്ഥാപനങ്ങൾ നാമാവശേഷമാകുമെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. കൂടാതെ നന്തി, ചെങ്ങോട്ട്കാവ് റെയിൽവെ മേൽപ്പാലങ്ങളും പുതുക്കി പണിയേണ്ടി വരും, അധികൃതരെ സമ്മർദത്തിലാക്കിയുള്ള പ്രക്ഷോഭത്തിൽ നിന്നും ബൈപ്പാസ് വിരുദ്ധ സമിതി പിൻമാറാൻ നേതാക്കൾ ആവശ്യപ്പെട്ടു. കോ-ഓർഡിനേഷൻ ജനറൽ കൺവീനർ കെ.പി.ശ്രീധരൻ, ടി.പി.ബഷീർ, ടി.പി.ഇസ്മായിൽ, എം.പി.കൃഷ്ണൻ, കെ.കെ.നിയാസ്, എ.കുഞ്ഞമ്മദ്, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

