കൊയിലാണ്ടിയിൽ ബൈക്കുകൾ മോഷണം പോകുന്നത് പതിവ് സംഭവമായി മാറുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബൈക്കുകൾ മോഷണം പോകുന്നത് പതിവ് സംഭവമായി മാറുന്നു. ഈ വർഷം ഇതുവരെയായി 60 ഓളം ബൈക്കുകളാണ് കൊയിലാണ്ടി നഗരത്തിൽ നിന്നും മോഷണം പോയത്. ഈ മാസം മാത്രം 12 ഓളം ബൈക്കുകൾ മോഷണം പോയിട്ടുണ്ട്. എന്നാൽ വ്യക്തമായ പേപ്പറുകൾ ഇല്ലാത്തതിനാൽ പലതും കേ സാകാതെ പോകുന്നു.
റെയിൽവെ സ്റ്റേഷൻ പരിസരം, അപ്പാർട്ടുമെന്റുകൾ, ബസ് സ്റ്റാന്റ് പരിസരം, മേൽപ്പാലത്തിന്റെ അടിഭാഗം എന്നിവിടങ്ങളിൽ നിന്നാണ് പലപ്പോഴും മോഷണം പോകുന്നത്. മോഷ്ടാക്കൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലം റെയിൽവെ സ്റ്റേഷൻ പരിസരമാണ്. മോഷണം നടത്തിയാൽ സി.സി.ടി.വി.യിൽ കുടുങ്ങാൻ സാധ്യത വളരെ കുറവാണ്. ഇവിടങ്ങളിലൊന്നും ക്യാമറകൾ ഇല്ലാത്തത് മോഷ്ടാക്കൾക്ക് ഏറെ ഗുണം ചെയ്യുന്നു. പോലീസാണ് ഏറെ കുഴങ്ങുന്നത്. ഇത്തരം കേസുകൾ തെളിയിക്കാൻ ആവാത്ത അവസ്ഥയിലാണ് അവർ.

കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരത്തുകൂടി പുകയില ഉൽപ്പന്നങ്ങൾ വ്യാപകമായി കടത്തുന്നുണ്ട്. പലപ്പോഴും ഇവരിലെ കരിയർമാർ ബൈക്കുകളിൽ സാധനം കടത്താനും ഉപയോഗിക്കുന്നതായി വിവരമുണ്ട്. രാത്രി കാലങ്ങളിൽ ഇവിടം ഇരുട്ടിലാവുന്നതും ഇത്തരക്കാർക്ക്ഏറെ പ്രയോജനമാവുന്നു. സ്റ്റേഷൻ പരിസരത്തു നിന്നു ഇപ്പോൾ പുതിയ ബുള്ളറ്റുകളാണ് മോഷണം പോകുന്നത്. കൊയിലാണ്ടി ടൗണിൽ വ്യാപകമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചാൽ ഇത്തരത്തിൽ ഉള്ള മോഷണങ്ങൾ പോലീസിന്റെ അന്വേഷണത്തിന് ഏറെ സഹായകമാവും.

പേരാമ്പ്ര ടൗണിൽ ഇത്തരത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് വിവിധ സംഘടനകളെ സമീപിച്ചാൽ നഗരത്തിലെ എല്ലാ ഭാഗത്തും ക്യാമറകൾ സ്ഥാപിക്കാൻ കഴിയും, ചില വ്യാപാര സ്ഥാപനങ്ങളിൽ ക്യാമറകൾ ഉണ്ടെങ്കിലും നഗരം മുഴുവൻ ക്യാമറ സ്ഥാപിച്ചാൽ മോഷണം മാത്രമല്ല മറ്റു സാമുഹ്യ വിരുദ്ധ പ്രവർത്തനങ്ങളെയും നിർത്തലാക്കാൻ സാധിക്കും.

