KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പവർക്കട്ടിനെതിരെ വ്യാപാരികൾ KSEB എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഘരാവൊ ചെയ്തു

കൊയിലാണ്ടി മേഖലയിലെ പവർക്കട്ടിനെതിരെ മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ വ്യാപാരികൾ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഘരാവൊ ചെയ്തു. കഴിഞ്ഞ 3 മാസത്തിലേറെയായി കൊയിലാണ്ടിയിൽ പവർക്കട്ട് പതിവായിരിക്കുകയാണ്.  3000ത്തിൽ അധികം വ്യാപാരികളുള്ള കൊയിലാണ്ടിയിൽ  അനുദിനം ലൈൻ ഓഫ് ചെയ്യുമ്പോൾ വ്യാപാര മേഖല വലിയതോതിൽ തകർച്ച നേരിടുകയാണ്. ഗാർഹിക ഉപഭോക്താക്കളും ഇതിലേറെയാണ്  പ്രയാസപ്പെടുന്നത്. പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ ഓഫീസുകളിലെത്തുന്ന നൂറുകണക്കിനാളുകളും, അക്ഷയ കേന്ദ്രങ്ങളിലേക്കെത്തുന്നവരും ഒരു ഫോട്ടോസ്റ്റാറ്റ് പോലും എടുക്കാൻ കഴിയാതെ തിരിച്ച് പോകേണ്ട അവസ്ഥയാണുളളത്. പവർക്കട്ട് പതിവായതിൻ്റെ പേരിൽ ഹോട്ടൽ, കൂൾബാർ, ടൈലറിംഗ്, മറ്റ് ചെറുകിട വ്യവസായ സ്ഥപനങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാൻ കഴിയാതെ സ്ഥാപനം പൂട്ടിയിടേണ്ട അവസ്ഥയാണുള്ളത്. 
മെയിൻ്റനൻസ് നടത്തുന്നതിന്റെ ഭാഗമായി കാലത്ത് 7 മണി മുതൽ ലൈൻ ഓഫാക്കി വൈകീട്ട് 3 മണിക്ക് ലൈൻ ഓൺചെയ്യും എന്ന മെസേജ് ഫോണിലൂടെ പ്രചരിപ്പിച്ച് ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനം കെ.എസ്.ഇ.ബി. ദുരുപയോഗം ചെയ്യുകയാണെന്ന് വ്യാപാരികൾ പറയുന്നു.  വൈകീട്ട് ഏതെങ്കിലും സമയത്താണ് പിന്നീട് കരണ്ട് വരിക. ഇതുകൂടാതെ മുൻൂട്ടി അറിയിക്കാതെ മണിക്കൂറുകൾ നേരം കരണ്ട് പോകുന്നതും പതിവായിരിക്കുകയാണ്. ഇന്ന് കാലത്ത് ഓഫ് ചെയ്ത ലൈൻ രാത്രി 7.30 വരെയായിട്ടും ഓൺചെയ്തിട്ടില്ല.
ഇതിനെതിരെയാണ്  കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ കൊയിലാണ്ടി നോർത്ത് കെ എസ്. ഇ. ബി. എക്സിക്യൂട്ടീവ് എഞ്ചനീയർ ബിന്ദുവിനെ ഘരാവോ ചെയ്തത്. കന്നൂർ സബ്ബ്സ്റ്റേഷനിൽ നിന്ന് കൊയിലാണ്ടി ഹാർബറിലേക്ക് പുതിയ എബിസി ലൈൻ വലിക്കുന്നതിൻ്റെ ഭാഗമായാണ് ലൈൻ ഓഫ് ചെയ്യേണ്ടി വരുന്നതെന്ന് എഞ്ചിനീയർ അറിയിച്ചു. ഒരു ദിവസം 250 മീറ്റർ നീളത്തിൽ മാത്രമേ ലൈൻ വലിക്കാൻ സാധിക്കൂ എന്നാണ് മറ്റ് വിശദീകരണം.
എന്നാൽ കൂടുതൽ ജീവനക്കാരെ രംഗത്തിറക്കി പകരം സംവിധാനം ഏർപ്പെടുത്തി മാത്രമേ ഇത്തരം വർക്കുകൾ നടത്താകൂ എന്ന് നേതാക്കൾ പറഞ്ഞു.  അല്ലാത്ത രീതിയിലാണ് കെഎസ്.ഇ.ബി. മുന്നോട്ട് പോകുന്നതെങ്കിൽ കടകളടച്ച് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും നേതാക്കൾ പറഞ്ഞു. മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ. കെ  നിയാസ്, കെ. പി. രാജേഷ്, വി. പി. ബഷീർ, യൂ. കെ. അസീസ്, ബാബു സുകന്യ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *